ഹോസ്റ്റൽ മുറിയിൽ വിദേശ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി, ഒരാൾ കസ്റ്റഡിയിൽ; കലിംഗ സർവകലാശാലയിൽ പ്രതിഷേധം

ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല ക്യാമ്പസിൽ വിദേശ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. നേപ്പാളിൽ നിന്നുള്ള ബിടെക് വിദ്യാർത്ഥിനിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയും അധികൃതരുടെ അലംഭാവവും ആരോപിച്ച് പ്രതിഷേധിച്ച നേപ്പാൾ പൗരന്മാരായ മറ്റ് വിദ്യാർഥികളെ അധികൃതർ ബലമായി ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു. കാര്യങ്ങൾ മനസ്സിലാക്കാൻ ഒഡീഷയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേപ്പാൾ എംബസി അരിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് നേപ്പാളിൽ നിന്നുള്ള മൂന്നാം വർഷ ബി.ടെക് വിദ്യാർഥിനിയെ കലിംഗ സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സഹപാഠി തന്നെ ഉപദ്രവിക്കുന്നു എന്നു കാട്ടി മരിച്ച വിദ്യാർഥിനി അധികൃതരെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
അധികൃതർ അനാസ്ഥ കാട്ടിയെന്നാരോപിച്ച് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ക്യാമ്പസിലെ നേപ്പാൾ സ്വദേശികളായ വിദ്യാർഥികളോട് നാട്ടിലേക്ക് പോകാൻ സർവ്വകലാശാല അധികൃതർ നിർദ്ദേശിച്ചു. ഇവരെ ബലം പ്രയോഗിച്ച് ഹോസ്റ്റലുകളിൽ നിന്ന് ഒഴിപ്പിച്ചു.
മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനി മരിച്ചതും, മറ്റു വിദ്യാർത്ഥികളെ ബലമായി ഒഴിപ്പിച്ചതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, നയതന്ത്ര ഇടപെടൽ തുടങ്ങിയെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പറഞ്ഞു. ഇടപെടൽ ഉണ്ടായതോടെ പുറത്താക്കപ്പെട്ട നേപ്പാൾ വിദ്യാർത്ഥികളോട് സർവകലാശാലയിലേക്ക് തിരികെയെത്താൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ നടപടി ഉണ്ടാകുമെന്നും അധികൃതർ ഉറപ്പു നൽകി.