20 വർഷത്തേക്ക് 8 ഏക്കർ ബിപിസിഎല്ലിന് പാട്ടത്തിന് നൽകും; കോഴിക്കോട് ഞെളിയൻപറമ്പിൽ വാതക പ്ലാൻ്റ് സ്ഥാപിക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഖരമാലിന്യസംസ്‌കരണത്തിനായി ഞെളിയൻപറമ്പിൽ ബി.പി.സി.എല്ലിന്റെ വാതക പ്ലാന്റ്(കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) തുടങ്ങും. പ്ലാന്‍റിനായി എട്ട് ഏക്കർ വരെ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനമായി. മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിലാണ് തീരുമാനം.150 ടൺ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ രണ്ട് വർഷം വേണ്ടി വരും. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുക.നേരത്തെ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ സോൺട കമ്പനിയെ ഒഴിവാക്കിയിട്ടുണ്ട്. വെസ്റ്റ്ഹില്ലിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും ടെൻഡറായി. അമൃത് പദ്ധതിയിലുൾപ്പെടുത്തി 15 എം.എൽ.ഡി.യുടെ പ്ലാന്റ് കെ.സി.സി.എൽ.- എ.ഐ.ഐ.പി. കമ്പനിയാണ് 64.17 കോടി ചെലവിൽ സ്ഥാപിച്ച് പരിപാലിക്കുക.