ഭാര്യയുടെ സുഹൃത്തും ഭർത്താവും തമ്മിൽ തർക്കം, അമ്മായിയമ്മയെ പേടിപ്പിക്കാൻ ഐപിഎസ് വേഷം കെട്ടി; 50കാരൻ അറസ്റ്റിൽ

ആഗ്ര: ഭാര്യയുടെ സുഹൃത്തും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ പൊലീസ് വേഷം കെട്ടിയ 50കാരൻ അറസ്റ്റിൽ. ലളിത്പൂർ ജില്ലയിലെ താമസക്കാരനായ ഹേമന്ത് ബുന്ദേലയാണ് പിടിയിലായത്. പതിവ് പട്രോളിങ്ങിനിടെ കാറിൽ ഇരിക്കുകയായിരുന്ന ഹേമന്ത് ബുന്ദേല എസ്പി റാങ്കിലുള്ള പൊലീസ് യൂണിഫോം ധരിച്ചിരിക്കുന്നത് എസ്എച്ച്ഒ ജലേസർ സുധീർ കുമാറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഹേമന്ത് ധരിച്ചിരുന്ന തൊപ്പി ധരിച്ചിട്ടുള്ള യൂണീഫോമിന്‍റെ റാങ്കിന് അനുസൃതമല്ലെന്ന് കുമാർ കണ്ടെത്തി. സുധീർ കുമാര്‍ ഉടൻ തന്നെ വിവരം സർക്കിൾ ഓഫീസർ നിതീഷ് ഗാർഗിനെ അറിയിച്ചു. ഇരു ഉദ്യോഗസ്ഥരും ബുന്ദേലയെ ചോദ്യം ചെയ്തപ്പോൾ, അയാൾ കുറ്റം സമ്മതിക്കുകയും ഭാര്യയുടെ സുഹൃത്തിന്‍റെ അമ്മായിയമ്മയെ സമ്മർദ്ദത്തിലാക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ആൾമാറാട്ടം നടത്തിയതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
ഭാരതീയ നിയമ സംഹിത സെക്ഷൻ 204 പ്രകാരം ഹേമന്തിനെതിരെ ഒരു കേസ് ഫയൽ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി സർക്കിൾ ഓഫീസർ നിതീഷ് ഗാർഗ് പറഞ്ഞു. ഹേമന്ത് ധരിച്ചിരുന്ന യൂണിഫോമും ധരിച്ചിരുന്ന മെഡലുകളും റിബണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ എങ്ങനെയാണ് ലഭിച്ചതെന്ന് അറിയുന്നതിനായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.