Uncategorized

‘ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥ’; തരൂരിനെ പിന്തുണച്ച് മന്ത്രി റിയാസ്

പാലക്കാട്: സർക്കാർ അനുകൂല ലേഖനവിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാൽ അഭിമാനിക്കുക മലയാളികൾ ഒന്നടങ്കം ആണെന്ന് റിയാസ് പറഞ്ഞു. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥയാണ്. എന്തൊരു സൈബർ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുകയാണ് തരൂർ. കേരള വിരുദ്ധ കോൺഗ്രസ്സ് ആയി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാറിയെന്നും മന്ത്രി പറ‍ഞ്ഞു. അതേസമയം, തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ രം​ഗത്തെത്തി. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു

അതേ സമയം, പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിൻറെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയിൽ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കൺവീന‍ർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോൾ ചില നേതാക്കൾ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കിൽ തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button