ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീര്‍ ഇന്ന് ഇന്ത്യയിലെത്തും

ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് ഇന്ത്യയിലെത്തും. ദില്ലിയില്‍ എത്തുന്ന അദ്ദേഹത്തോടൊപ്പം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെട്ട പ്രതിനിധി സംഘവും ഉണ്ടാകും. രാഷ്ട്രപകതി ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമീര്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദർശനം നടത്തുകയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങളും സന്ദര്‍ശനത്തിൽ ചർച്ചയാകും. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചയാകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനി അമീറിനെ അനുഗമിക്കും.ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു മുൻ സന്ദർശനം.