Uncategorized

‘തരൂർ സെൽഫ് ഗോൾ നിർത്തണം, അച്ചടക്ക ലംഘനം, നടപടിയിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്’; തുറന്നടിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സർക്കാറിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു.

അതേ സമയം, പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്‍റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയിൽ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കൺവീന‍ർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോൾ ചില നേതാക്കൾ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കിൽ തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button