അതിർത്തികൾ കടന്ന് കേരളത്തിന്‍റെ സ്വന്തം കുടുംബശ്രീ രുചിപ്പെരുമ! മനം കീഴടക്കാൻ രാജ്യ തലസ്ഥാനത്ത് കഫേ കുടുംബശ്രീ

ദില്ലി: കേരളത്തിന് പുറത്തും വേരുറപ്പിക്കാന്‍ കേരളത്തിന്‍റെ സ്വന്തം കുടുംബശ്രീ. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ത്യ ഗേറ്റ് പരിസരത്ത് കുടുംബശ്രീയുടെ ആദ്യ ഭക്ഷണശാല പ്രവർത്തനം തുടങ്ങി. കേരളത്തിന്‍റെ തനത് രുചി തേടി മലയാളികള്‍ക്കൊപ്പം അന്യഭാഷക്കാരും ഇവിടേക്ക് എത്തുകയാണ്. കാസർകോട് സൽക്കാര കുടുംബശ്രീ യൂണിറ്റിലെ ലീലയുടെയും രഞ്ജിനിയുടെയും കൈപ്പുണ്യമാണ് ദില്ലിയിലെ കഫേ കുടുംബശ്രീയുടെ സവിശേഷത.
ഇവിടുത്തെ ആഹാരം വിശ്വസിച്ച് കഴിക്കാമെന്നും നല്ല വൃത്തിയിലാണ് ആഹാരം പാകം ചെയ്യുന്നതെന്നുമൊക്കെയാണ് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പ്രതികരണം. ഭക്ഷണം വിളമ്പുന്ന രീതിയും വളരെ നല്ലതാണെന്നും നല്ല രുചിയുള്ള ഭക്ഷണമാണെന്നും അഭിപ്രായമുണ്ട്. വീട്ടിലുള്ളവരോടെന്ന പോലെയാണ് പെരുമാറുന്നതെന്നും ആളുകൾ വിവരിക്കുന്നുണ്ട്. ആദ്യമായിട്ട് പഴംപൊരി കഴിച്ചെന്നും വളരെ ഇഷ്ടപ്പെട്ടെന്നും പറയുന്നവരും കുറവല്ല. എന്തായാലും കഫേ കുടുംബശ്രീ ദില്ലിയുടെ മനം കവരുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.