‘പിറന്നാൾ കേക്ക് മുറിച്ച് പോലുമില്ല’, റോഡ് സൈഡിലെ ആഘോഷം വിലക്കിയതിനേ ചൊല്ലി തർക്കം, വെടിവയ്പ്, ഒരാൾ മരിച്ചു

പൂനെ: സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ 37കാരൻ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പിംപ്രി ചിച്ഛ്വാഡ് മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 37കാരനായ വിക്രം ഗുരുസ്വാമി റെഡ്ഡി എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിക്രമും സുഹൃത്തും സഹോദരി പുത്രിയുടെ പിറന്നാളിന് റോഡിന് അരികിൽ വച്ച് കേക്ക് മുറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് വെടിവയ്പുണ്ടായത്.
വിക്രമും സുഹൃത്ത് നന്ദകിഷോറും കേക്ക് മുറിക്കാൻ തുടങ്ങുന്നതിനിടെ കുറച്ച് പേർ ഇവിടേക്ക് എത്തി റോഡരികിൽ വച്ചുള്ള ആഘോഷം പറ്റില്ലെന്ന് വിലക്കുകയായിരുന്നു. ഇരുചക്രവാഹനത്തിന് മുകളിൽ വച്ച് കേക്ക് മുറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അക്രമി സംഘം ഇവിടേക്ക് എത്തിയത് ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സംഘത്തിലൊരാൾ വിക്രമിന് നേരെ വെടിയുതിർക്കുകയായിരുന്നു. നന്ദകിഷോറിനെ സംഘം ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് വിക്രമിന് വെടിയേറ്റത്.
പരിക്കേറ്റ ഇരുവരേയും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമിന്റെ ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മേഖലയിൽ മറ്റൊരു വെടിവയ്പ് നടന്നത്. സംഭവത്തിൽ മരിച്ചയാളുടെ ബന്ധുവടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരാർ നഷ്ടമായതിനേ ചൊല്ലിയുള്ള തർക്കത്തിനിടയിലായിരുന്നു ഫെബ്രുവരി 12 ഈ അക്രമം നടന്നത്.