529 കോടിയുടെ വായ്പ ഗ്രാൻ്റിന് തുല്യം, 50 വർഷത്തിന് ശേഷമുള്ള തിരിച്ചടവിൽ പിണറായി ഇപ്പോൾ ബേജാറാവേണ്ട: സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പണം വായ്പയായാണ് അനുവദിച്ചതെങ്കിലും ഇത് ഗ്രാന്‍റിന് തുല്യമാണെന്നാണ് സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. 50 വർഷത്തിനുശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് പിണറായി ഇപ്പോൾ ബേജാറാകേണ്ടെന്നും ലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
പണം ചിലവഴിക്കാൻ കൂടുതൽ സമയമാണ് വേണ്ടതെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാം. സമയം നീട്ടിക്കിട്ടാനായി അപേക്ഷ കൊടുത്താൽ മതിയെന്നും സമയം നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രത്തിന് മുന്നിൽ അത്തരം ആവശ്യം സർക്കാരിന് ഉന്നയിക്കാമെന്നും സർക്കാരും എം പിമാരും അതിനുള്ള സമ്മർദ്ദം നടത്തണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.