വേദന സഹിക്കാൻ കഴിയാതെ വീട്ടുകാരെ വിളിച്ച് കരഞ്ഞു; നഴ്‌സിങ് കോളേജിലെ റാഗിംഗ് പുറത്തറിഞ്ഞത് അമലിൻ്റെ ഫോൺകോളിലൂടെ

കോട്ടയം: ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ റാഗിംഗ് പുറംലോകമറിയുന്നത് ഒരു ഫോണ്‍ കോളിലൂടെയാണ്. കോളേജ് ഹോസ്റ്റലിലിരുന്ന് തൃശൂര്‍ മരോട്ടിച്ചാല്‍ കുന്നുംപുറത്ത് ഉണ്ണികൃഷ്ണന്റെയും അനിതയുടെയും മകന്‍ അമല്‍ കൃഷ്ണ (20)യുടെ കഴിഞ്ഞ തിങ്കളാഴ്ച ദിവസത്തെ ഫോണ്‍ കോളിലൂടെയാണ് കോളേജ് ഹോസ്റ്റലില്‍ നടക്കുന്ന പൈശാചികമായ റാഗിംഗ് വാര്‍ത്ത അറിയുന്നത്.
ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ വേദന സഹിക്കാതായതോടെ അമല്‍ വീട്ടുകാരെ വിളിച്ച് കരയുകയായിരുന്നു. ഉടന്‍ തന്നെ വീഡിയോ കോള്‍ ചെയ്ത അനിത മകന്റെ അടികൊണ്ടു നീരുവന്ന മുഖം കാണുകയും പിറ്റേന്ന് രാവിലെ തന്നെ കോളേജ് അധികൃതരെ വിവരമറിയിച്ച് നടപടി ആവശ്യപ്പെടുകയുമായിരുന്നു. ഇതിനുശേഷമാണ് മര്‍ദനമേറ്റ മറ്റ് കുട്ടികളും പരാതിയുമായി രംഗത്തെത്തുന്നത്.
സമാനതകളില്ലാത്ത അക്രമമാണ് മൂന്ന് മാസമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അമലിനോട് കാണിച്ചത്. ഡിവൈഡര്‍ കൊണ്ട് പുറത്തുകുത്തി, ബെല്‍റ്റുകൊണ്ട് അടിച്ചു, മുട്ടുകുത്തിച്ച് നിര്‍ത്തി മര്‍ദിച്ചു, ഓടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്ന് അടച്ച് ക്രൂരമായി മര്‍ദിച്ചു, രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കാന്‍ മുട്ടുകുത്തിച്ച് നിര്‍ത്തി തുടങ്ങിയ ക്രൂരതകള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നോട് ചെയ്‌തെന്ന് അമല്‍ വ്യക്തമാക്കുകയായിരുന്നു.
മാത്രവുമല്ല, ഹിറ്റായ ഒരു സിനിയിലെ റാഗിംഗ് രീതികളും ചെയ്യിച്ചിട്ടുണ്ടെന്ന് അമല്‍ പറയുന്നു. റാഗിംഗിന് നേതൃത്വം കൊടുത്തവരെ ജയിലില്‍ അടച്ചതോടെ ഇപ്പോള്‍ സമാധാനത്തോടെ ക്ലാസില്‍ പോകുന്നുണ്ടെന്നാണ് അമല്‍ പറയുന്നത്. അടുത്ത നടപടികള്‍ക്കായി അമലിന്റെ മാതാപിതാക്കള്‍ കോട്ടയത്തേക്ക് പോകും.