ഓസ്ട്രേലിയയിലേക്ക് പോയത് 27 ബാഗുകളുമായി, ഭാരം 250 കിലോയിലേറെ, ആ ഇന്ത്യൻ താരത്തിനായി ബിസിസിഐ പൊടിച്ചത് ലക്ഷങ്ങൾ

മുംബൈ: ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു താരം ബിസിസിഐ ചെലവില്‍ 27 ബാഗുകളുമായാണ് യാത്ര ചെയ്തതെന്ന് റിപ്പോര്‍ട്ട്. 17 ബാറ്റുകളുള്‍പ്പെടെ ബാഗുകളുടെ ഭാരം 250 കിലോയിലേറെ ആയിരുന്നുവെന്നും ഈ താരത്തിന്‍റെ ലഗേജുകള്‍ക്കായി മാത്രം ബിസിസിഐക്ക് ചെലവഴിക്കേണ്ടിവന്നത് ലക്ഷങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ബിസിസിഐ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി പുറത്തിറക്കിയ കര്‍ശന മാര്‍ഗനിര്‍ദേശത്തില്‍ ഓരോ വ്യക്തിക്കും യാത്രകളില്‍ അനുവദനീയമായ പരമാവധി ഭാരം 150 കിലോ മാത്രമായി കുറച്ചിരുന്നു.
വ്യക്തിപരമായതും ക്രിക്കറ്റ് കിറ്റ് ഉള്‍പ്പെടെയുള്ള ഭാരമാണിത്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു ഇന്ത്യൻ താരം കുട്ടികളെ നോക്കാനായി ആയയയെും ഭാര്യയുടെ മുത്തശ്ശിയെയും വരെ ബിസിസിഐ ചെലവില്‍ കൊണ്ടുവരികയും ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാവുന്നതുവരെ കൂടെ താമസിപ്പിക്കുകയും ചെയ്തതും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. വിരാട് കോലിയാണ് ആ ഇന്ത്യൻ താരമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു.മറ്റൊരു ഇന്ത്യൻ താരം പേഴ്സണല്‍ കുക്കിനെ ബിസിസിഐ ചെലവില്‍ കൊണ്ടുവന്നതും വിവാദമായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് മുതലാണ് ബിസിസിഐ നടപ്പാക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ദുബായിലേക്ക് പോകുമ്പോള്‍ കളിക്കാരുടെ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനക്ക് പുറമെ കോച്ച് ഗൗതം ഗംഭീറിനും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ഗൗതം ഗംഭീറിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റിന് ടീം താമസിക്കുന്ന ഹോട്ടലില്‍ താമസ സൗകര്യം നല്‍കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.