മൊത്തവ്യാപാരിയിൽ നിന്ന് അടിച്ച് മാറ്റിയത് 260 പവൻ, ജ്വല്ലറി ഉടമയ്ക്കെതിരെ കേസ്

മുംബൈ: ഹോൾസെയിൽ ഡീലറിൽ നിന്നും ജ്വല്ലറിക്കാർ തട്ടിയത് 260 പവൻ സ്വർണം. മുംബൈയിലാണ് സംഭവം. എൽടി മാർഗ് പൊലീസാണ് ഡോംബിവാലിയിലുള്ള ജ്വല്ലറിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൽബാദേവിയിലുള്ള ഹോൾസെയിൽ ഡീലറിൽ നിന്ന് 2077 ഗ്രാം സ്വർണം ജ്വല്ലറിക്കാർ കവർന്നതായാണ് ആരോപണം. ഒരു കോടിയിലധികം വില വരുന്നതാണ് നഷ്ടമായ സ്വർണം. അദിതി ജ്വല്ലറി ഉടമയായ സുമൻ ബെറാ എന്നയാൾക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. ധാൻജി സ്ട്രീറ്റിലെ സ്വർണ മൊത്ത വ്യാപാരിയായ ലളിത് കവാഡിയ ആണ് പരാതിയുമായി എത്തിയിട്ടുള്ളത്.
2023നും 2024ലുമായി നിരവധി തവണയാണ് സുമൻ ബെറാ മൊത്ത വ്യാപാരിയായ ലളിത് കവാഡിയയെ കാണാനെത്തിയത്. ഓരോ വരവിലും ചില ആഭരണങ്ങളായി ആയിരുന്നു മോഷണമെന്നാണ് പരാതി. 2024 ഫെബ്രുവരിയിലാണ് മോഷണം പുറത്ത് വന്നത്. മലാഡ് സ്വദേശിയായ ലളിത് കവാഡിയ സ്റ്റോക്കിൽ വലിയ രീതിയിൽ കുറവ് വന്നത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഇത്. വിൽപനയിലും സ്റ്റോക്കിന്റെ കണക്കിലുമുണ്ടായ വലിയ അന്തരം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽ വരുന്നത്. ഇതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളിലാണ് അതിഥി ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ സുമൻ ബെറായും മറ്റൊരു കസ്റ്റമറായ ചാഗൻ സിംഗ് രാജ്പുതും നടത്തിയ മോഷണം ശ്രദ്ധിക്കുന്നത്.
42കാരനായ ലളിത് കവാഡിയ ഉടനടി ചാഗൻ സിംഗ് രാജ്പുതിനെതിരെ പൊലീസിൽ പരാതി നൽകി. എന്നാൽ ഏറെക്കാലമായി കസ്റ്റമറായിരുന്ന സുമൻ ബെറായെ അടുത്ത തവണ സ്വർണം വാങ്ങാനെത്തിയപ്പോൾ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് രണ്ടര കിലോയോളം സ്വർണം തട്ടിയെടുത്തതായി ഇയാൾ വ്യക്തമാക്കിയത്. ഇത് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായും ഇയാൾ വ്യക്തമാക്കി.
ഈ പണം ഉപയോഗിച്ച് ഒരു ഫ്ലാറ്റും കടയും വാങ്ങിയതായും ഇയാൾ വിശദമാക്കി. ഇയാളിൽ നിന്ന് ക്ഷമാപണം എഴുതിയും വീഡിയോയിലും വാങ്ങിയ ശേഷം മോഷ്ടിച്ച സ്വർണം കുറച്ച് കുറച്ചായി എട്ട് ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്നും സുമൻ വ്യക്തമാക്കി. എന്നാൽ 140 ഗ്രാം മാത്രം തിരികെ നൽകിയ ശേഷം ഇയാൾ ലളിത് കവാഡിയയുടെ ഫോൺ വിളികൾ അവഗണിക്കാൻ ആരംഭിച്ചു. ഇതോടെയാണ് ലളിത് കവാഡിയ പൊലീസിൽ പരാതിപ്പെട്ടത്.