‘ജോലി സമ്മർദ്ദം, നിരവധിപേർ ചികിത്സയിൽ’; പരാതിയുമായി RRRF ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കേരള പൊലീസിൽ തൊഴിൽ പീഡനമെന്ന പരാതിയുമായി റാപ്പിഡ് റെസ്പോണ്ട്സ് റെസ്ക്യൂ സേനയിലെ ഉദ്യോഗസ്ഥർ. കൊടിയ പീഡനമനുഭവിക്കുന്നുവെന്നാണ് പരാതി. മൂന്ന് ദിവസം ജോലിയും ഒരു ദിവസം വിശ്രമവും എന്ന വ്യവസ്ഥ പാലിക്കുന്നില്ലായെന്നും തുടർച്ചയായി പത്ത് ദിവസത്തോളം ഡ്യൂട്ടി ചെയ്യേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഉദ്യേഗസ്ഥർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. നിയമസഭ, രാജ്ഭവൻ, ഹൈക്കോടതി, ക്ലിഫ് ഹൗസ് തുടങ്ങിയവയുടെ സുരക്ഷാ ചുമതല RRRFനാണ്.
മാനസിക സംഘർഷത്താൽ ആത്മഹത്യയുടെ വക്കിലാണ്. ജോലി സമ്മർദ്ദത്താൽ ചികിത്സയിൽ കഴിയുന്നത് നിരവധിപേരാണ്. ഡ്യൂട്ടിക്കിടെ തളർന്ന് ഇരുന്നാൽ പോലും ഉന്നത ഉദ്യോഗസ്ഥർ അവധി നിഷേധിക്കുന്ന സാഹചര്യമാണെന്നും ഇരിക്കാനുള്ള കസേരകൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് എടുത്ത് മാറ്റുകയായിരുന്നുവെന്നും’ ഇവർ പരാതി പറയുന്നു. റസ്റ്റ് സമയങ്ങളിലും പണിയെടുക്കാൻ നിർബന്ധിക്കും. ജോലി മാടിനോടെന്ന പോലെയാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം. നിരവധി പേർ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യം പോലുമില്ലെന്നും ഇവർ പരാതി പറയുന്നു.