Uncategorized

കോട്ടയത്തെ നഴ്സിങ് കോളജിലെ റാഗിങ്; ഹോസ്റ്റൽ അധികൃതരുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്

കോട്ടയം: ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുക്കാതെ പൊലീസ്. അസിസ്റ്റന്‍റ് വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യംചെയ്യും. മൂന്ന് മാസമായി തുടരുന്ന പീഡനം അധികൃതർ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം. പ്രതികൾ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്ന് സംശയമുണ്ട്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്താണ് റാഗിങ് നടന്നത്.

ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡൻ ഇല്ലാത്തതിനെതിരെയും വിമർശനമുണ്ട്. പലപ്പോഴും സീനിയർ വിദ്യാർത്ഥികൾ ആണ് ഹോസ്റ്റൽ നിയന്ത്രിച്ചിരുന്നത്. ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ നിയോഗിച്ച സംഘവും കോളേജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്സിങ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.

കോട്ടയം സർക്കാർ നഴ്സിങ് കോളജിൽ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിങിന്റെ ക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവുകളിൽ ലോഷൻ ഒഴിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഉച്ചത്തിൽ കരയുമ്പോൾ വായിലേക്ക് ലോഷൻ ഒഴിക്കുന്നതും ദൃശ്യത്തിലുണ്ട്.

മൂന്ന് മാസമായി കോളജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീനിയർ വിദ്യാർത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിർക്കുന്നവരെ ഈ ദൃശ്യങ്ങൾ കാണിച്ച് പേടിപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, കോളേജ് പ്രിൻസിപ്പാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി. നിലവിൽ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് പിടിയിൽ ആയത്. അറസ്റ്റിലായ അഞ്ച് പ്രതികളും റിമാൻഡിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button