ചാക്ക്കണക്കിന് ഡയപ്പർ മാലിന്യം വഴിയിൽ തള്ളി; പഞ്ചായത്ത് പരിശോധനയിൽ പ്രതിയെകുറിച്ചുള്ള തെളിവുകൾ ലഭിച്ചു

നിടുംപൊയിൽ :നിടുംപൊയിൽ -പേരാവൂർ റോഡിൽ വാരപീടിക റോഡ് ജങ്ഷന് സമീപം റോഡരികിൽ ചാക്ക് കണക്കിന് ഡയപ്പർ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.വഴിയാത്രക്കാർ ചാക്ക് കെട്ടുകൾ കണ്ട് കോളയാട് പഞ്ചായത്ത് ഓഫീസിൽ അറിയിക്കുകയും പഞ്ചായത്ത് അധികൃതർ എത്തി ചാക്ക് പരിശോധിച്ചപ്പോഴാണ് മാസങ്ങൾ പഴക്കമുള്ള ഡയപ്പർ മാലിന്യമാണ് എന്ന് തിരിച്ചറിഞ്ഞത്. മാലിന്യം നിറഞ്ഞ ഒമ്പത് ചാക്കുകളും അഴിച്ച് പരിശോധിച്ചതിൽ പ്രതിയുടേത് എന്ന് കരുതുന്ന മട്ടന്നൂരുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ പി ചീട്ട് ലഭിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലത്ത് പരിശോധനക്ക് എത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ സി അനീഷ് പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ അമൽ പ്രദീപ്, ഡ്രൈവർ കെ കെ രജീഷ് എന്നിവരും പരിശോധനക്ക് ഉണ്ടായിരുന്നു.