പ്രവാസികളുടെ പണമയയ്ക്കലിൽ റെക്കോർഡ് വർധന, സൗദിയിൽ 2021 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കിലെന്ന് കണക്കുകൾ

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികളുടെ പണമയയ്ക്കലില്‍ 14 ശതമാനം വര്‍ധന. 2024ല്‍ സൗദിയില്‍ നിന്ന് പ്രവാസികൾ അയച്ചത് 144.2 ബില്യൺ റിയാലാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 126.8 ബില്യണ്‍ റിയാലായിരുന്നെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
2024ല്‍ പ്രവാസികളുടെ പണം അയയ്ക്കല്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിയത്. 2021 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് 2024 വര്‍ഷം പ്രവാസികളുടെ പണം അയയക്കല്‍ എത്തിയതെന്ന് സൗദി സെന്‍ട്രൽ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഒഴികെ മറ്റ് എല്ലാ മാസങ്ങളിലും പ്രവാസികളുടെ പണമയയ്ക്കലില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ മാസം. 14 ബില്യൺ റിയാലാണ് ഡിസംബര്‍ മാസത്തില്‍ പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. 2022 മാര്‍ച്ച് മുതലുള്ള ഏറ്റവും വലിയ റെക്കോര്‍ഡാണിതെന്ന് സൗദി ന്യൂസ് പോര്‍ട്ടലിലെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സൗദി പൗരന്മാരുടെ വിദേശത്തേക്കുള്ള പണമയയ്ക്കലും വര്‍ധിച്ചു. 2024ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 68.6 ബില്യൺ റിയാലാണ് സ്വദേശികള്‍ വിദേശത്തേക്ക് അയച്ചത്. 2024ലെ മാര്‍ച്ച്, ജൂൺ മാസങ്ങളൊഴികെ മറ്റ് എല്ലാ മാസങ്ങളിലും സ്വദേശികളുടെ പണം അയയ്ക്കലും വര്‍ധിച്ചു.