നാളെത്തെ ഹർത്താലുമായി സഹകരിക്കില്ല; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ: വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിന്നിരയായി അടുത്ത് മരണപ്പെട്ട എല്ലാ സംഭവങ്ങളിലും സംഘടനയുടെ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, എന്നാൽ അതിന്റെ പേരിൽ വയനാട് ജില്ല സ്‌തംഭിപ്പിക്കുന്ന സമര രീതികളോട് യോജിക്കാൻ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. അർഹമായ നഷ്ടപരിഹാരവും മറ്റു സംവിധാനങ്ങളും ആണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ഗവൺമെൻറ് ഒരുക്കിക്കൊടുക്കേണ്ടത്. ഹർത്താൽ നടത്തി ജനജീവിതം സ്ഥംഭിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് കൊടുത്ത് മാത്രമെ ഇത്തരം സമര രീതികൾ നടത്താവു എന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് പലരും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കുന്നത്. നാളെ പ്രഖ്യാപിച്ച ഹർത്താലുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ലെന്ന് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്‌മാൻ, ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.