ബഹളം വെച്ച പ്രതിപക്ഷത്തോട് കയർത്ത് മുഖ്യമന്ത്രി; ‘പൊലീസിൻ്റെ വീഴ്ച’യിൽ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊമ്പുകോർത്തു. അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷവും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കത്തിനും സഭ സാക്ഷ്യം വഹിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകാൻ എഴുന്നേറ്റപ്പോൾ ബഹളം ഉയന്നതോടെ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി കയർത്തിരുന്നു. അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിനിടെ സ്പീക്കർ എ എൻ ഷംസീറും വി ഡി സതീശനും തമ്മിലും കൊമ്പുകോർത്തിരുന്നു.
എൻ ഷംസുദ്ദീൻ എംഎൽഎയായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നെന്മാറ കൂട്ടക്കൊലപാതകം ചൂണ്ടിക്കാണിച്ച് പൊലീസിനെതിരെ രൂക്ഷവിമർശനമാണ് എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ചത്. നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ ഷംസുദ്ദീൻ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പ്രതി അവിടെ താമസിച്ചതെന്നും ചൂണ്ടിക്കാണിച്ചു. നെന്മാറ പ്രദേശത്ത് പ്രവേശിക്കാൻ ചെന്തമാരക്ക് അനുമതി ഇല്ലായിരുന്നു. കൊലക്കേസ് പ്രതി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ പൊലീസ് എവിടെയായിരുന്നുവെന്നും ഷംസുദ്ദീൻ ചോദിച്ചു. പത്തനംതിട്ടയിലെ പൊലീസ് അതിക്രമത്തിലും ഷംസുദ്ദീൻ സർക്കാരിനെ കുറ്റപ്പെടുത്തി. പൊലീസിന് എന്താണ് പറ്റിയതെന്നും പൊലീസിൻ്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഷംസുദ്ദീൻ പറഞ്ഞു.
ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നു. എസ് പി യും ഓം പ്രകാശും നോക്കി നിൽക്കെ ഗുണ്ട സംഘങ്ങൾ തമ്മിൽ തല്ലി. പൊലീസ് ക്രിമിനൽ വൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി. തുമ്പ പൊലീസ് കൈക്കൂലി വാങ്ങിയത് ജിപേ വഴിയാണെന്നും കേരളത്തിലെ പൊലീസ് കൈക്കൂലി ഡിജിറ്റലൈസ് ചെയ്തുവെന്നും ഷംസുദ്ദീൻ പരിഹസിച്ചിരുന്നു.