Uncategorized

‘പേടിയാ ചെയർമാനോട് സംസാരിക്കാൻ, കരുണ കാണിക്കണം’: ജോളി മധുവിന്‍റെ പൂർത്താകാത്ത കുറിപ്പും ശബ്ദസന്ദേശവും പുറത്ത്

ആലപ്പുഴ: കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന് തെളിവായി ജോളി മധുവിന്‍റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്‍റെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടിയുണ്ടായി. കയർ ബോർഡ്‌ ചെയർമാൻ വിപുൽ ഗോയൽ, മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം. ഒടുവിൽ ഉപദ്രവിക്കരുതെന്നും കരുണ കാണിക്കണമെന്നും കത്തിൽ കുറിക്കുന്നതിനിടെയാണ് തലച്ചോറിലെ രക്തസ്രാവം മൂലം ജോളി കുഴഞ്ഞു വീണതെന്ന് കുടുംബം പറയുന്നു. സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി കുറിച്ചു. സത്യസന്ധയായ ഉദ്യോഗസ്ഥയായിരുന്നു ജോളി മധുവെന്നും കുടുംബത്തിന്‍റെ ആരോപണം ഗൗരവതരമെന്നും കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.

ഇതിനിടെ അഴിമതിയ്ക്ക് കൂട്ടുനിൽക്കാത്തതിനാൽ, പക്ഷാഘാതം വന്ന തന്‍റെ അച്ഛനെ ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടിയെന്ന് കയർ ബോർഡ് ജീവനക്കാരൻ സി പി സുനിൽകുമാറിന്‍റെ മകൻ സിദ്ധാർഥ് പറഞ്ഞു. കയർ ബോർഡിലെ ഉദ്യോഗസ്ഥ അഴിമതിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കത്തുകളും പുറത്തുവന്നു. പാലാരിവട്ടത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ഇടപ്പളളി സെന്റ് ജോർജ് പളളിയിൽ ജോളി മധുവിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നു. കയര്‍ ബോര്‍ഡിന്‍റെ കൊച്ചിയിലെ ആസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ഉദ്യോഗസ്ഥ അഴിമതിയുടെയും അതിനിരയാകുന്ന ജീവനക്കാരുടെയും ഞെട്ടിപ്പിക്കുന്ന ചിത്രം വ്യക്തമാക്കുകയാണ് ജോളി മധുവിന്റെ മരണവും കയർ ബോർഡിനെതിരെ ഉയർന്ന പരാതികളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button