പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലെ വെള്ളച്ചാട്ടത്തിലേയ്ക്ക് ഒരു ട്രക്കിംഗ്; പോകാം തുഷാരഗിരിയിലേയ്ക്ക്

വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അത്തരത്തിൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ സമയം ചെലവഴിക്കാനും പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.
തുഷാരഗിരി വെള്ളച്ചാട്ടത്തിലേയ്ക്ക് എത്താൻ എളുപ്പമാണെങ്കിലും മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കാഠിന്യമേറിയ ട്രക്കിംഗ് ആവശ്യമാണ്. ട്രക്കിംഗ് പൂർത്തിയാക്കിയ ശേഷം തുഷാരഗിരി വെള്ളച്ചാട്ടത്തിലൊരു കുളി പാസാക്കിയാൽ മനസും ശരീരവും തണുക്കും. ഇവിടെ നിന്ന് കാട്ടിലൂടെ നടന്ന് വൈത്തിരിയിലെത്താം. അൽപ്പം അഡ്വഞ്ചർ താത്പ്പര്യമുള്ളവർക്ക് ഈ വഴിയിലൂടെ വയനാട്ടിലേയ്ക്ക് ഒരു ദീർഘദൂര നടത്തവും പരീക്ഷിക്കാവുന്നതാണ്.
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കോഴിക്കോട്, ഏകദേശം 50 കി. മീ.
അടുത്തുള്ള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 23 കി. മീ.