Uncategorized

നയാപൈസ വാങ്ങാതെ സര്‍ക്കാരിനൊപ്പം നിന്ന് നാട്ടുകാർ, ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ലോക നിലവാരത്തിൽ ഇതാ മലയോര ഹൈവേ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ച് – തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി – കക്കാടം പൊയിൽ റോഡ് – ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകീട്ട് മൂന്ന് മണിക്ക് കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി.
കുടിയേറ്റ മേഖലയിലെ കർഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ വലിയ വികസന മുന്നേറ്റം കൂടിയാണുണ്ടാക്കിയിരിക്കുന്നത്. 2016 ൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യ ഘട്ടത്തിൽ കോഴിക്കോട് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് വാളാർ മുതൽ കക്കാടം പൊയിൽ വരെയുള്ള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും 2020 ൽ ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന സമയം റീച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

മലയോര ഹൈവേയുടെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു. തിരുവമ്പാടി മണ്ഡലത്തിലൂടെ മലയോര ഹൈവേയുടെ 3 റീച്ചുകൾ കടന്നുപോകുന്നുണ്ട്. അതിൽ ഏറ്റവും ദൈർഖ്യം കൂടിയ റീച്ചും ഇതാണ്. അനുബന്ധ റോഡ് അടക്കം 221 കോടി രൂപ ചെലവഴിക്കുന്ന, 34.3 കി. മീ ദൂരമുള്ള റീച്ചിന് 12 മീറ്റർ വീതിയാണുള്ളത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജ്ജ വിളക്കുകളും സിഗ്നൽ ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയമുണ്ട്. കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നു.

കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരുന്നു. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ അത്യാധുനിക നിലവാരത്തിലുള്ള മനോഹര പാത സാധ്യമാക്കിയതിൽ ഒട്ടേറെ ഘടകങ്ങൾ പങ്കു വഹിച്ചതായി സ്ഥലം എംഎൽഎ ലിന്‍റോ ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button