Uncategorized

ദാരുണ അപകടത്തിൽ മരിച്ചത് ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ചികിത്സയ്ക്ക് പോയ സൈനികനും നാല് കുടുംബാംഗങ്ങളും

ലക്നൗ: ഉത്തർപ്രദേശിലെ ബറൈചിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ചികിത്സയ്ക്കായി പോവുകയായിരുന്ന സൈനികനും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ബറൈച് – ലക്നൗ ദേശീയ പാതയിൽ സഞ്ചരിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രക്കാരിൽ ഒരാൾ മാത്രമാണ് ജീവനോടെ അവശേഷിച്ചത്.
കരസേനയിൽ സൈനികനായ അബ്റാർ (28), ഒരു മാസം പ്രായമുള്ള മകൾ (ഹനിയ), അബ്റാറിന്റെ മാതാപിതാക്കളായ ഗുലാ ഹസ്റത്ത് (65), ഫാത്തിമ (55), ബന്ധുവായ ചാന്ദ് (22) എന്നിവരാണ് മരിച്ചത്. അബ്റാറിന്റെ ഭാര്യ റുക്കിയയെ (25) ഗുരുതര പരിക്കുകളോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബറൈച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബറൈചിൽ നിന്ന് കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇവർ ലക്നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ കൈസെർഗഞ്ച് പ്രദേശത്തെ കരിം ബെഹദ് ഗ്രാമത്തിനടത്തുവെച്ചാണ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നുവെന്ന് പൊലീസ് പറ‌ഞ്ഞു. യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി. പരിസരത്തുണ്ടായിരുന്നവരും പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button