പരീക്ഷയെഴുതാന്‍ ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ അപകടം; വിദ്യാര്‍ത്ഥി വെന്റിലേറ്ററിൽ, സഹായം തേടി കുടുംബം

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടാഴ്ചയായി വെന്‍റിലേറ്ററിൽ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ എട്ടാം ക്ലാസുകാരൻ അഭിനവ് കൃഷ്ണ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിന്‍റെ ചികിത്സയ്ക്കായി ഇത് വരെ എട്ട് ലക്ഷത്തോളം രൂപയാണ് ചെലവായത്. തുടർ ചികിത്സയ്ക്കായി പണം കണ്ടത്താനാകാതെ വിഷമിക്കുകയാണ് കുടുംബം.
പരീക്ഷയ്ക്കായി ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോയ മകനെ വിജിത്രയും അജയനും പിന്നീട് കാണുന്നത് ഈ ആശുപത്രി വരാന്തയിലാണ്. അമിതവേഗതയിലെയെത്തിയ കാറിടിച്ച് ബന്ധുവിനൊപ്പം അഭിനവ് റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവ് രണ്ടാഴ്ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്.
നാട്ടുകാരും അഭിനവിന്‍റെ സ്കൂളും മറ്റ് സന്നദ്ധ സംഘടനകളും സഹായിച്ചാണ് ഇതു വരെയുള്ള ചികിത്സ മുന്നോട്ട് പോയത്. എട്ട് ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. മകന്‍റെ തുടർ ചികിത്സയ്ക്കായുള്ള തുക എങ്ങനെ കണ്ടത്തുമെന്നറിയാതെ നിൽക്കുകയാണ് ഓട്ടോ തൊഴിലാളിയായ അജയൻ. നട്ടെല്ലിന് പരിക്കേറ്റ അഭിനവിന്‍റെ ബന്ധുവും ചികിത്സയിലാണ്.