Uncategorized

വിഴിഞ്ഞത്തിനു ശേഷം കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതി; പൊഴിയൂർ മത്സ്യബന്ധന തുറമുഖം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാകാന്‍ പൊഴിയൂര്‍. പ്രദേശികളുടെ നീണ്ട കാലത്തെ സ്വപ്നമാണ് ഇതെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍ കഴിയുന്ന ആധുനിക മത്സ്യബന്ധന തുറമുഖമാകുമിതെന്നും അധികൃതര്‍ അറിയിച്ചു.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചെലവ് 343 കോടി രൂപയാണ്. തുറമുഖത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിരുന്നു. പൊഴിയൂര്‍ തീരം സംരക്ഷിക്കുന്നതിന് അടിയന്തിരമായി മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കേണ്ടതിനാല്‍ ആദ്യഘട്ടമായി പ്രധാന പുലിമുട്ട് വരുന്ന ഭാഗത്ത് 65 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. ഈ പ്രവൃത്തിയിൽ 16000 ടൺ കല്ലുകളും അഞ്ച് ടൺ ഭാരമുള്ള 610 ടെട്രാപോഡുകളും ഉപയോഗിക്കുന്നുണ്ട്.

വരുന്ന മണ്‍സൂണിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ഒന്നാം ഘട്ടത്തില്‍ തന്നെ ചെറുതും വലുതുമായ വള്ളങ്ങള്‍ക്കായി 200 മീറ്റര്‍ വീതിയില്‍ ഹാര്‍ബര്‍ നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കൂടി തുറമുഖത്ത് വരാൻ സൗകര്യമൊരുക്കും. 300 മീറ്റര്‍ കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്ന തരത്തിലാണ് തുറമുഖം രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button