കൂടുതല്‍ ആട്ടിറച്ചി ചോദിച്ചു, നല്‍കിയില്ല; അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നിലിട്ട് ഓടി യുവാവ്

ചെന്നൈ: തമിഴ് നാട്ടിലെ പഴനി ചെട്ടിപ്പട്ടിയില്‍ ചോദിച്ച ഇറച്ചി നല്‍കാതിരുന്നതിന് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് പുറത്ത് തള്ളി യുവാവ്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ശ്മശാനത്തിൽ ജോലി ചെയ്യുന്ന കുമാർ (45) എന്നയാളാണ് ഇറച്ചിക്കടക്ക് മുന്നില്‍ അഴുകിയ മൃതദേഹമുപേക്ഷിച്ച് കടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുമാര്‍ ഇറച്ചിക്കടയില്‍ ഇറച്ചി വാങ്ങാന്‍ പോയതായിരുന്നു. കശാപ്പുകാരൻ മണിയരശനോട് തനിക്ക് കൂടുതൽ ആട്ടിൻകുടൽ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ പ്രകോപിതനായ കുമാർ ഈ പ്രദേശത്ത് കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് അവിടെ നിന്നും പോയത്. പിന്നീട് ജീർണിച്ച മൃതദേഹം തുണിയിൽ പൊതിഞ്ഞ് കടയുടെ മുന്നിൽ തള്ളിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറി വാനിൽ ശ്മശാനത്തിലേക്ക് തന്നെ എത്തിച്ചു. അശ്ലീല പദപ്രയോഗം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.