Uncategorized

ബിരേൻ സിങിന്റെ രാജി; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി

ഇംഫാൽ: മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേൻ സിങ് രാജിക്കത്ത് നൽകിയത്.

മണിപ്പൂരിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലിൽ തങ്ങുന്നുണ്ട്. കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് ബിരേൻ സിങിന്റെ രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. നേരത്തേ കോൺ​റാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെ ബീരേൻ സിങ്ങിൻ്റെ രാജിയ്ക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ, എൻപിപിയുടെ പിന്തുണ പിൻവലിച്ചത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎൽമാരാണ് എൻപിപിക്കുള്ളത്. 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേൻ സിങ് സർക്കാരിനുണ്ടായിരുന്നു. എന്നാൽ 12 ഓളം എം.എൽ.എമാർ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സർക്കാരിനെ സംബന്ധിച്ച് നിർണായകമായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിശ്വാസവോട്ടെടുപ്പിൻ്റെ സാഹചര്യത്തിൽ ഈ എംഎൽഎമാർ പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടി തിളങ്ങി നിൽക്കവേ മണിപ്പൂരിൽ അവിശ്വാസ പ്രമേയം പാസായാൽ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ പൊടുന്നനേയുള്ള തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button