Uncategorized

ഗുണ്ടാനേതാവിന്‍റെ ക്രൂരകൊലപാതകം:കൈ വെട്ടിയെടുത്തശേഷം വാക്കത്തി കനാലിലെറിഞ്ഞു;കാന്തമുപയോഗിച്ച് കണ്ടെത്തി പൊലീസ്

ഇടുക്കി: മൂലമറ്റത്ത് കുപ്രസിദ്ധ​ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളികൾ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കനാലിൽ നിന്നാണ് വാക്കത്തി കണ്ടെടുത്തത്. സാജന്‍റെ കൈ വെട്ടിയെടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിൻ പറഞ്ഞിരുന്നു. തുടർന്ന് കാന്തം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് വാക്കത്തി കിട്ടിയത്.

കാഞ്ഞാർ എസ്എച്ച്ഒ കെ എസ് ശ്യാംകുമാർ മൂലമറ്റം ഫയർഫോഴ്‌സിന്റെയും, കെഎസ്ഇ ബോർഡിന്റെയും സഹായത്തോടെ കനാലിലെ വെള്ളം ചെറിയ തോതിൽ കുറച്ചു. ഫയർ‌സ്റ്റേഷൻ ഹൗസ് ഓഫിസർ ടി കെ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പൊലീസിനൊപ്പം ഒമ്പതംഗ സംഘമാണ് കനാലിൽ തെരച്ചിലിൽ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30-നാണ് തെരച്ചിൽ തുടങ്ങിയത്. 12 മണിയോടെ വാക്കത്തി കണ്ടെടുക്കുകയായിരുന്നു.

എട്ട് പ്രതികളുടെ വിരലടയാളം ശേഖരിച്ചു. ഇവരെ മൂലമറ്റത്തെ തെളിവെടുപ്പ് പൂർത്തിയാക്കി വെള്ളിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കി.

അതിക്രൂരമായാണ് ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയത്. വായിൽ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കൈകൾ വെട്ടിയെടുക്കുകയുമായിരുന്നു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. ഒരു വ‍‍ൃഷണം മുറിച്ചുകളയുകയും അടുത്തത് ചവിട്ടി തകർക്കുകയും ചെയ്തു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

മൂലമറ്റം സ്വദേശി ഷാരോൺ ബേബി ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഇവർ ലഹരി, മോഷണം അടക്കം കേസുകളിലെ പ്രതികളാണ്. നിരവധി തവണ സാജനും പ്രതികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതോടെ തങ്ങളുടെ ജീവന് സാജൻ ഭീഷണിയാകുമെന്ന് കരുതിയാണ് പ്രതികൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു.

കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയിലുള്ള വീട്ടിൽ വെച്ചായിരുന്നു സാജനെ പ്രതികൾ കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം പ്രതികൾ സാജനെ പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി മൂലമറ്റത്തെ തേക്കുംകുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് കേസിൽ നിർണായകമായത്. സംശയം തോന്നിയ ഡ്രൈവർ കാഞ്ഞാർ എസ്‌ഐക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട സാജൻ സാമുവൽ കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button