ചാമ്പ്യൻസ് ട്രോഫിയിലും റിഷഭ് പന്ത് പുറത്തിരിക്കേണ്ടി വരും; കാരണം ആ താരം; തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ചാമ്പ്യൻസ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാനുള്ള സാധ്യത മങ്ങിയെന്ന് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കെ എല്‍ രാഹുല്‍ ആറാം നമ്പറിലായിരുന്നു ബാറ്റിംഗിന് ഇറങ്ങിയത്. രാഹുലിന് മുമ്പെ ഇടം കൈയന്‍ ബാറ്ററായ അക്സര്‍ പട്ടേലാണ് ബാറ്റിംഗിനെത്തിയത്. അര്‍ധസെഞ്ചുറിയുമായി അക്സര്‍ തിളങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചാമ്പ്യൻസ് ട്രോഫിയിലും അക്സറിന് ബാറ്റിഗ് പ്രമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ഇടം കൈയനെന്ന ആനുകൂല്യത്തില്‍ റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മഞ്ജരേക്കര്‍ ക്രിക് ഇൻഫോയോട് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തന് മുമ്പ് ഞാന്‍ പറഞ്ഞത്, ചാമ്പ്യൻസ് ട്രോഫി കണക്കിലെടുത്ത് പ്ലേയിംഗ് ഇലവനില്‍ റിഷഭ് പന്തിന് അവസരം നല്‍കി പരീക്ഷിക്കണമെന്നായിരുന്നു. ടോപ് സിക്സില്‍ ഒറ്റ ഇടം കൈയന്‍ പോലുമില്ലെന്ന കുറവും അതിലൂടെ ഇന്ത്യക്ക് നികത്താനാവുമെന്നുമായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അക്സര്‍ പട്ടേല്‍ ആദ്യ ഏകദിനത്തില്‍ അഞ്ചാമനായി ഇറങ്ങി തിളങ്ങിയതോടെ ഇടം കൈയന്‍ ബാറ്ററെന്ന പരിഗണനയില്‍ റിഷഭ് പന്തിനെ ഇനി ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. ടെസ്റ്റ് മത്സരങ്ങളില്‍ അക്സറിന്‍റെ ബാറ്റിംഗ് മികവ് നമ്മള്‍ കണ്ടിട്ടുണ്ട്.