Uncategorized

ഇന്ത്യയടക്കം 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ സൗദി താൽക്കാലികമായി നിർത്തി

റിയാദ്: സൗദിയിലേക്ക് ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്ന മള്‍ട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസകൾ താൽക്കാലികമായി നിര്‍ത്തി. ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിലവിൽ നിയന്ത്രണമില്ല. ദീർഘകാല സന്ദർശന വിസകൾ വഴി രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീർഥാടകരെ നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോർഡന്‍, സുഡാന്‍, അൾജീരിയ, ഇത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമൻ എന്നീ 14 രാജ്യങ്ങളില്‍നിന്നുളളവര്‍ക്കാണ് നിയന്ത്രണം. സന്ദർശന വിസക്ക് പുറമെ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസം, ബിസിനസ് വിസകളും നിർത്തിവെച്ചിട്ടുണ്ട്. മൂന്നുമാസത്തേക്ക് ഒന്നിച്ച് സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾക്കാണ് നിയന്ത്രണം. ഈ മാസം ഒന്നാം തീയതി മുതൽ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.

പുതിയ നിയന്ത്രണപ്രകാരം 14 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് നിലവിൽ സിംഗിൾ എൻട്രി വിസകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. സിംഗിൾ എൻട്രി വിസകളെടുക്കുന്നവര്‍ക്ക് ഒരോ 30 ദിവസവും 100 റിയാല്‍ ഫീസ് അടച്ച് പുതുക്കേണ്ടിവരും. ഇങ്ങനെ രണ്ടുതവണ പുതുക്കി പരമാവധി 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാനാവൂ. സിംഗിള്‍ എന്‍ട്രി വിസയിലെത്തിയ ശേഷം കാലാവധിക്കുമുമ്പ് സൗദിക്ക് പുറത്തുപോയാലും നിലവിലെ വിസ റദ്ദാകും. എന്നാൽ നിലവില്‍ സൗദിയില്‍ തുടരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസക്കാര്‍ക്ക് അത് പുതുക്കുന്നതിന് തടസമില്ലെന്ന് ജവാസത് ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ നിയന്ത്രണം ഹജ്ജ്, ഉംറ, നയതന്ത്ര, തൊഴിൽ വിസകളെ ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button