പാസ്ത ഉണ്ടാക്കുന്നതിനിടെ കാലിലെ തള്ളവിരൽ പൊള്ളി; അണുബാധ, 40 -കാരന്‍റെ രണ്ട് കാലുകളും മുറിച്ച് മാറ്റി

യുഎസിലെ കോളറാഡോ സ്വദേശിയായ 40 -കാരന്‍റെ കാലുകൾ പൊള്ളലേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധ മൂലം മുറിച്ച് മാറ്റി. പൊള്ളലില്‍ നിന്നും അണുബാധ കാലുകളെ ബാധിക്കുകയും പഴുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവാവിന്‍റെ കാലുകൾ മുറിച്ച് മാറ്റിയത്. 2024 ഡിസംബറില്‍ മാക്സ് ആംസ്ട്രോംഗും സുഹൃത്തുക്കളും കാട്ടിലേക്ക് വേട്ടയ്ക്ക് പോയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കാട്ടില്‍ വച്ച് വേട്ടയാടലും പാസ്ത പാചകം ചെയ്യലുമൊക്കെയായി ആഘോഷമായിരുന്നു. ഇതിനിടെ അടുപ്പത്തിരുന്ന പാത്രത്തില്‍ നിന്നും മാക്സ് ആംസ്ട്രോംഗിന് പൊള്ളലേറ്റു. ആഘോഷത്തിന്‍റെ ഭാഗമായി മാക്സ് ആദ്യം അത് കാര്യമാക്കിയില്ല. സംഘാംഗങ്ങൾ ആഘോഷങ്ങൾ തുടർന്നു. എന്നാല്‍, രണ്ട് ദിവസങ്ങൾക്ക് ശേഷം കാലില്‍ പഴുപ്പ് കണ്ടു. പിറ്റേന്ന് കാല്‍ നഖങ്ങളില്‍ ചെറിയ നിറ വ്യത്യാസവും. മാക്സ് ആശുപത്രിയിലെത്തി. കാലില്‍ സ്ട്രെപ്പ് എ ബാക്ടീറിയ ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ മാക്സിനെ അറിയിച്ചു. ഒപ്പം അത് ഭേദമാക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാമെന്നും.