നീലക്കോഴികളെ കൊണ്ട് പൊറുതിമുട്ടി കർഷകർ; പകൽ മുഴുവൻ കാവൽ നിന്ന് ഓടിച്ചാലും സന്ധ്യയാവുമ്പോൾ വീണ്ടുമെത്തും

തൃശൂര്‍: നീലക്കോഴികളുടെ ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍. ചാലക്കുടി കോട്ടാറ്റ് പാടശേഖരത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് നീലക്കോഴി ദുരിതം വിതക്കുന്നത്. പാടശേഖരത്തെ ഭൂരിഭാഗം നെല്‍ചെടികളും നീലക്കോഴികള്‍ നശിപ്പിച്ചു. കൂട്ടമായെത്തുന്ന നീലക്കോഴികള്‍ നെല്‍ചെടികള്‍ കൂട്ടത്തോടെ പിഴുതെടുത്ത് നശിപ്പിക്കുകയാണ്. പകല്‍ സമയങ്ങളില്‍ തൊഴിലാളികളെ നിര്‍ത്തി ഇവയെ വിരട്ടിയോടിക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ സന്ധ്യയാകുന്നതോടെ ഇവ വീണ്ടും കൃഷിയിടത്തെത്തും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പാടശേഖരത്ത് നിന്നും ഓട്ടുകമ്പനികള്‍ക്കായി കളിമണ്ണെടുത്ത വലിയ കുഴികളാണ് നീലക്കോഴികളുടെ താവളം. ഇത്തരം കുഴികള്‍ നികത്തണമെന്ന കര്‍ഷകരുടെ ആവശ്യം നഗരസഭ അധികൃതരും ചെവിക്കൊള്ളുന്നില്ല. ഞാറ് നടന്നത് മുതല്‍ ഇവയുടെ ശല്യം തുടങ്ങും. കതിരിടുന്നതോടെ ശല്യം രൂക്ഷമാകും. നൂറ്റിയമ്പതില്‍ പരം ഏക്കര്‍ പാടശേഖരത്തില്‍ 60ല്‍ പരം കര്‍ഷകരാണ് നെല്‍ കൃഷിയിറക്കിയിരിക്കുന്നത്. കടമെടുത്തും പലിശക്കെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ കടകെണിയുടെ വക്കിലായി. ചാലക്കുടിയിലെ പ്രധാന പാട ശേഖരമാണ് കോട്ടാറ്റ് പാടശേഖരം. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാലങ്ങളായി നല്ല രീതിയിലാണ് ഇവിടെ കൃഷിചെയ്ത് വന്നിരുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ഇവിടെ നീലക്കോഴികളുടെ ശല്യം രൂക്ഷമായതാണ് കര്‍ഷകര്‍ക്ക് വിനയായത്.
നെല്‍ചെടികളിലെ നീര് കുടിച്ച് ചെടികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതാണ് ഇവയുടെ രീതി. ഇവയുടെ ശല്യത്തെ തുടര്‍ന്ന് പല കര്‍ഷകരും കൃഷിയില്‍ നിന്നും പിന്‍വാങ്ങിയിട്ടുമുണ്ട്. നീലക്കോഴികള്‍ക്ക് പുറമെ നെല്‍പ്പാടങ്ങളില്‍ വളരുന്ന കളകളും കര്‍ഷകരുടെ ആത്മവീര്യം തകര്‍ക്കുന്നു. നെല്‍ചെടി പോലെ തന്നെയുള്ള കൗണ്ട ഇനത്തില്‍പ്പെട്ട കളകള്‍ നെല്‍ചെടികള്‍ക്കിടുന്ന വളം മുഴുവന്‍ വലിച്ചെടുക്കും. അയല്‍ സംസ്ഥാനത്ത് നിന്നും കൊണ്ടുവരുന്ന വിത്തില്‍ നിന്നാണ് പാടശേഖരത്ത് ഇത്തരത്തിലുള്ള കളകള്‍ വന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കുമ്പോള്‍ ചീരവിത്തുപോലെയുള്ള കളകളുടെ വിത്ത് പാടത്ത് വീഴുകയും അടുത്ത വര്‍ഷം ഞാറ് നടുന്നതോടെ ഇവ മുളയ്ക്കുകയും ചെയ്യും. കളകള്‍ നശിപ്പിക്കാനായി മരുന്നുണ്ടെങ്കിലും ഇതിന്റെ അമിത വില കര്‍ഷകര്‍ക്ക് താങ്ങാനാവുന്നില്ല. ലിറ്ററിന് 3000 രൂപയിൽ അധികമാണ് വില. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്താണ് കൃഷിയിറക്കുന്നതെന്നും കർഷകർ പറയുന്നു.