തുടർച്ചയായി ക്ലാസിൽ വരാതായി, അന്വേഷിച്ചെത്തിയ സ്കൂൾ അധികൃതരോട് പെണ്‍കുട്ടി തുറന്നുപറഞ്ഞു; 3 അധ്യാപകർ പിടിയിൽ

ചെന്നൈ: തുടർച്ചയായി ക്ലാസിൽ വരാതെയായ കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയ സ്കൂൾ അധികൃതരുടെ മുന്നിൽ പീഡനത്തിനിരയായ വിവരം തുറന്ന് പറഞ്ഞ് 13കാരി. അധ്യാപകർ തന്നെ പീഡിപ്പിച്ചുവെന്നും അതിന് ശേഷമാണ് സ്കൂളിലേക്ക് വരാത്തതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. ഇതേതുടർന്ന് സ്കൂൾ അധ്യാപകരുടെ സഹായത്തോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പതിമൂന്ന്കാരിയായ വിദ്യാർത്ഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. കൃഷ്ണഗിരി സർക്കാർ സ്കൂളിലെ അധ്യാപകരാണ് പെൺകുട്ടിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തതായി ജില്ല കളക്ടർ സി ദിനേശ് കുമാർ പറഞ്ഞു. അധ്യാപകർക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. നിലവിൽ പ്രതികൾ 15 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ്. സംഭവത്തെകുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. അതേസമയം ഫെബ്രുവരി 4ന് 15വയസുകാരിയെ തട്ടികൊണ്ട് പോയി പീഡനത്തിനിരയാക്കിയിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് മുമ്പ് അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയെ കോളേജ് ക്യാമ്പസിൽ വെച്ച് പീഡിപ്പിച്ചിരുന്നു. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.