മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ മുറിവ് തുന്നികെട്ടിയെന്ന പരാതി; നഴ്‌സിംഗ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. താലൂക്ക് ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റ് വി സി ജയനെതിരെയാണ് ആരോഗ്യവകുപ്പ് നടപടി. ശനിയാഴ്ചയാണ് നടപടിക്കാസ്പദമായ സംഭവം.
ഡീസല്‍ ചെലവ് ലാഭിക്കാനാണെന്ന് പറഞ്ഞ് മൊബൈല്‍ വെളിച്ചത്തില്‍ കുട്ടിയുടെ തലയിലെ മുറിവ് തുന്നിയെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു. ജയന്റെ വാദം അസത്യമാണെന്നും തെറ്റിദ്ധാരണജനകമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ജയന്റെ പ്രവര്‍ത്തി പൊതു സമൂഹത്തില്‍ സ്ഥാപനത്തെ മോശമായി ചിത്രീകരിച്ചെന്നും ഉത്തരവില്‍ ചൂണ്ടികാട്ടി.
ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ പി സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീര്‍ഥ് വീടിനുള്ളില്‍ തെന്നിവീണ് തലയുടെ വലതുവശത്ത് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ച ദേവതീര്‍ഥിന്റെ മുറിവ് തുന്നികെട്ടുന്നതിനായി ഡ്രസിംഗ് മുറിയിലേക്ക് എത്തിച്ചപ്പോഴാണ് വൈദ്യുതി ഇല്ലാത്ത വിവരം അറിയുന്നത്. ഇരുട്ടാണല്ലോയെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ ജനറേറ്ററിന് ഡീസല്‍ ചെസവ് കൂടുതലാണെന്നായിരുന്നു നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മറുപടി.
മൊബൈലിന്റെ വെളിച്ചത്തില്‍ മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് ദേവതീര്‍ഥിനെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്റെ അരികില്‍ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നിടുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.