Uncategorized

ഭൂമി വിറ്റും വായ്പയെടുത്തും പണമുണ്ടാക്കി, ‘ഡോങ്കി റൂട്ടി’ലൂടെ മരണയാത്ര, യുഎസിലെത്തിയത് ജീവൻ പണയപ്പെടുത്തി

ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യൻ കുടിയേറ്റക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പലരും വായ്പയെടുത്തും ഭൂമി വിറ്റുമൊക്കെയാണ് അമേരിക്കയിൽ എത്താൻ പണം കണ്ടെത്തിയത്. തിരിച്ചെത്തിയതോടെ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ബ്രസീലും മെക്സിക്കോയുമൊക്കെ കടന്നുപോകുന്ന ‘ഡോങ്കി റൂട്ട്’ വഴിയാണ് പലരും യുഎസിലെത്തിയത്. ഏജന്റുമാർക്ക് നൽകുന്നതിനായി മാത്രം 40-60 ലക്ഷം രൂപ വരെ ഉണ്ടാക്കി. ഇപ്പോൾ പെരുവഴിയിലായ അവസ്ഥയിലാണ് പലരും. സർക്കാർ സഹായിച്ചാൽ മാത്രമേ പലർക്കും അതിജീവിക്കാനാകൂ.

യുഎസിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതിൽ പ്രധാനമന്ത്രി മോദി ഇടപെടണമെന്ന് പഞ്ചാബ് മന്ത്രി ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള ട്രാവൽ ഏജന്റുമാരാണ് തങ്ങളെ യുഎസിലേക്ക് അയച്ചതെന്നും ഫോണിലൂടെയാണ് കരാറുകൾ ഉണ്ടാക്കിയതെന്നും ചിലർ പറഞ്ഞതായി പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധാലിവാൾ പറഞ്ഞു. ഇവിടെ നിന്നുള്ള യുവാക്കൾ ദുബായിലേക്ക് പോയി, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വഴി യുഎസിലേക്ക് അയച്ചു. അവരിൽ ചിലർക്ക് കനേഡിയൻ വിസ പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഏജന്റുമാരെ ഉപയോഗിച്ചിട്ടുണ്ടെന്നും പിടിക്കപ്പെടുന്നതിന് മുമ്പ് പലയിടങ്ങളിലും താമസിച്ചിട്ടുണ്ടെന്നും നാടുകടത്തപ്പെട്ടവർ പ്രാഥമിക ചോദ്യം ചെയ്യലിൽ പറഞ്ഞതായി സ്രോതസ്സുകൾ അറിയിച്ചു.

104 അനധികൃത കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറിലെത്തിയത്. ഇവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും 30 പേർ പഞ്ചാബിൽ നിന്നുള്ളവരും മൂന്ന് പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണെന്ന് അധികൃതർ അറിയിച്ചു. നാടുകടത്തപ്പെട്ടവരിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടെ പത്തൊൻപത് സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button