മാനവീയത്തെ നീർമാതളം ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം; അനശ്വരമായ കെടാവിളക്ക് ഇവിടെ കത്തിക്കും

തിരുവനന്തപുരം: മാനവീയം വീഥിയിലെ നീർമാതളം മരം നിൽക്കുന്ന ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം എന്ന് അറിയപ്പെടും. പൊതുഇടങ്ങൾ അപ്രാപ്യമായ സാധാരണ വനിതകൾക്ക് ഇടം ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാ വനിതാ ജംഗ്ഷന്റെ ഭാഗമായാണ് പുതിയ നാമകരണം. നിർഭയയെ പോലെയുള്ള അതിജീവിതകൾക്കായി ഇവിടെ അനശ്വരമായ കെടാവിളക്ക് കത്തിക്കുമെന്നും വനിതാ ജംഗ്ഷൻ സംഘാടകർ അറിയിച്ചു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും വനിതാ ജംഗ്ഷൻ ഗംഭീരമായി ഏറ്റെടുത്തുവെന്നും ഏഴ് ലക്ഷം വനിതകൾ പരിപാടിയുടെ ഭാഗമായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ ജോലിക്കാരായ വനിതകൾ കൂടുതലായി പങ്കെടുത്തു. ജില്ലാ വനിതാ ജംഗ്ഷന്റെ ഉദ്ഘാടനം ഫെബ്രുവരി 7ന് വൈകുന്നേര൦ അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, ഒ.എസ് അംബിക എംഎൽഎ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി, നവകേരളം കർമ്മപദ്ധതി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ടി എൻ സീമ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. രാത്രി നടത്തത്തോടെ ഈ വർഷത്തെ വനിതാ ജംഗ്ഷ൯ പരിപാടികൾക്ക് സമാപിക്കുമെന്നു൦ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. നാളെ (ഫെബ്രുവരി 6)ന് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ പ്രൊഫ.എ.ജി ഒലീന ഉദ്ഘാടനം നിർവ്വഹിക്കും.