അച്ഛന്റെ മൃതദേഹത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം; മൃതദേഹം രണ്ടായി ഭാഗിച്ച്, രണ്ടായി സംസ്കരിക്കണമെന്ന് ഇളയമകൻ

ഓരോ നാട്ടിലും വ്യത്യസ്തമായ ജീവിത രീതികളാണ് പിന്തുടരുന്നത്. ഒരു കുഞ്ഞിന്റെ ജനനം മുതല്‍ മരണവും മരണാനന്തര ചടങ്ങുകളിലും ഈ വ്യത്യസ്ത കാണാം. ഓരോ ദേശത്തും നിലനില്‍ക്കുന്ന മത-സാംസ്കാരിക ധാരകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കപ്പെടുക. ഓരോ മതവിശ്വാസത്തിനും ഇക്കാര്യത്തില്‍ സ്വന്തമായ ചില രീതികളുണ്ട്. ഹിന്ദു വിശ്വാസ പ്രകാരമാണെങ്കില്‍ ഒരു വ്യക്തി മരിച്ചാല്‍ അദ്ദേഹത്തെ ദഹിപ്പിക്കാനുള്ള ആദ്യ അവകാശം മൂത്ത പുത്രനാണ്. പുത്രന്മാരില്ലെങ്കില്‍ മരുമക്കളോ അടുത്ത മറ്റ് ബന്ധുക്കളോ അത് ഏറ്റെടുക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ടിക്കാംഗഢ് ജില്ലയിലെ താൽ ലിദോറ ഗ്രാമത്തിലെ 85 -കാരനായ ധ്യാനി സിംഗ് ഘോഷിന്റെ മരണം സ്ഥലത്ത് ചെറുതല്ലാത്ത സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
ധ്യാനി സിംഗ് ഘോഷ് മരിച്ചതിന് പിന്നാലെ, അദ്ദേഹത്തെ അവസാന കാലത്ത് ശുശ്രൂഷിച്ചിരുന്ന മകന് ദാമോദര്‍ സിംഗ് മരണാനന്തര ചടങ്ങുകൾക്കായി തയ്യാറെടുത്തു. ഈ സമയത്താണ് രണ്ടാമത്തെ മകന് കിഷന് സിംഗ്, വിവരം അറിഞ്ഞ് തന്റെ കുടുംബത്തോടൊപ്പം സ്ഥലത്തെത്തുന്നത്. വീട്ടിലെത്തിയ കിഷന് സിംഗ് തനിക്ക് അച്ഛനെ ദഹിപ്പിക്കണമെന്ന് വാശി പിടിച്ചു. എന്നാല്‍ മൂത്തമകന് ജീവിച്ചിരിക്കെ അത് സാധ്യമല്ലെന്നായി നാട്ടുകാര്‍. തര്‍ക്കം മൂത്തപ്പോൾ അച്ഛന്റെ മൃതദേഹം രണ്ടായി പകുക്കാനും രണ്ട് ശരീര ഭാഗങ്ങളും രണ്ട് മക്കളും വെവ്വേറെ ദഹിപ്പിക്കാമെന്നും കിഷന് നിര്‍ദ്ദേശിച്ചു. എന്നാല്‍, ഈ നിര്‍ദ്ദേശവും ഗ്രാമവാസികളോ മറ്റ് ബന്ധുക്കളോ അംഗീകരിച്ചില്ല.
തര്‍ക്കം തുടർന്ന അഞ്ച് മണിക്കൂറോളം ധ്യാനി സിംഗ് ഘോഷിന്റെ മൃതദേഹം സംസ്കാരിക്കാതെ വീടിന് പുറത്ത് കിടന്നു. ഒടുവില്‍, പ്രശ്ന പരിഹാരത്തിനായി നാട്ടുകാര്‍ വിളിച്ച് അറിയിച്ചത് അനുസരിച്ച് പോലീസ് സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് പോലീസ് ദാമോദറുമായും കിഷനുമായും പ്രത്യേകം പ്രത്യേകം സംസാരിക്കുകയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മൃതദേഹം ദഹിപ്പിക്കാന്‍ ദാമോദറിനോട് ആവശ്യപ്പെടുകയുമായിരുന്നു. ചടങ്ങുകൾ തീരുന്നത് വരെ പോലീസും കിഷനും സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.