സഹപ്രവർത്തകന്റെ തൊഴിൽ വഞ്ചനക്കിരയായി സൗദിയിൽ കുടുങ്ങിയത് ഏഴു വർഷം, മലയാളി ഒടുവിൽ നാടണഞ്ഞു

റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട്ടുകാരന്റെ വഞ്ചനക്കിരയായി ഏഴു വർഷമായി നാട്ടിൽ പോകാനാവാതെ പ്രയാസത്തിലായ മലയാളിക്ക് ഒടുവിൽ രക്ഷ. കോഴിക്കോട് കോളത്തറ സ്വദേശി ബാബുവാണ് കേളി കലാസാംസ്കാരിക വേദിയുടെ സഹായത്തോടെ നാടണഞ്ഞത്.
തൻറെ പേരിലുള്ള കേസ് എന്താണെന്നറിയാനും അത് പരിഹരിച്ച് നാടണയാനുമുള്ള സഹായം അഭ്യർഥിച്ചായിരുന്നു ആറ് മാസം മുമ്പ് ബാബു കേളി ഉമ്മുൽ ഹമാം ജീവകാരുണ്യ കൺവീനർ ജാഫർ മുഖാന്തരം ഇന്ത്യൻ എംബസിയെ സമീപിച്ചത്. എംബസിയിൽ നൽകിയ പരാതിക്കൊപ്പം സമാന്തരമായി കേളി നടത്തിയ അന്വേഷണത്തിൽ ബാബുവിെൻറ പേരിലുള്ള കേസ് കണ്ടെത്തി. അത് പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയാകുന്നതിന് ആറ് മാസത്തോളം സമയമെടുത്തു. വലിയ തുക വേണ്ടി വന്നു. കേളി, ദമ്മാം നവോദയ, ഖത്തർ സംസ്കൃതി പ്രവർത്തകൻ റസാഖ് എന്നിവർ ചേർന്ന് പണം സ്വരൂപിച്ച് കോടതിയിൽ കെട്ടിവെച്ച് കേസ് ഒഴിവാക്കി.
വർഷങ്ങൾക്ക് മുമ്പ് എക്സിറ്റ് നേടിയിട്ടും ബാബു രാജ്യം വിടാതിരുന്ന കാരണത്താൽ പുതിയ എക്സിറ്റ് വിസക്കായി എംബസി നൽകിയ അപേക്ഷ തർഹീൽ അധികൃതർ മാറ്റിവെച്ചു. ബാബുവിെൻറ പേരിൽ ബുറൈദയിലുള്ള കേസ് ഔദ്യോഗിക ഡിജിറ്റൽ രേഖയിൽ നിന്നും മാറിയിട്ടില്ല എന്നതായിരുന്നു കാരണം. കേളി പ്രവർത്തകരുടെ ശ്രമഫലമായി ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി. ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ ഫൈസലിനെ എംബസി ചുമതലപ്പെടുത്തി. രണ്ടുമാസം നീണ്ട ശ്രമങ്ങളുടെ ഭാഗമായാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്.