Uncategorized

ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിട്ടു’; മൊഴിമാറ്റി പ്രതി, അച്ഛന്റെ മരണത്തിലും അന്വേഷണം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിൽ നിന്ന് കേരളം കരകയറിയിട്ടില്ല.കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച യഥാർത്ഥ കാരണമെന്തെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രതിയായ ഹരികുമാർ നൽകുന്ന പരസ്പരവിരുദ്ധമായ മൊഴികൾ പൊലീസിനെ കുഴപ്പിക്കുന്നുമുണ്ട്.

തനിക്ക് ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിടുകയായിരുന്നുവെന്നാണ് ഒടുവിൽ ഹരികുമാർ പറഞ്ഞത്. ഒരു മൊഴി നൽകി മിനിറ്റുകൾക്കകമാണ് പ്രതി അത് മാറ്റി പറയുന്നത്. മാത്രമല്ല, കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഒരാഴ്ച മുമ്പാണ് ഹരികുമാറിൻ്റെ അച്ഛൻ ഉദയകുമാർ മരിച്ചത്. ഇതിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതു സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ ശ്രീതുവിന് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്നും കുഞ്ഞിൻ്റെ കരച്ചിൽ പ്രതിക്ക് അരോചകമായി മാറിയെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും വിരോധത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി കെ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരികുമാറിന്റെ മൊഴിയിൽ സ്ഥിരതയില്ല. ഇപ്പോൾ പറയുന്ന കാര്യങ്ങൾ അല്ല പ്രതി പിന്നീട് പറയുന്നത്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്നാണ് പ്രതി ഹരികുമാർ സമ്മതിച്ചതായും എസ്പി പറഞ്ഞിരുന്നു.

അതേസമയം, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button