Uncategorized

ആൺകുട്ടിയും പെൺകുട്ടിയും ഒരേ ശുചിമുറിയിൽ പോകുമോ?; തൃപ്പൂണിത്തുറ കുട്ടിയുടെ ആത്മഹത്യയിൽ പൊലീസിന് വെല്ലുവിളി

കൊച്ചി: തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യയിൽ റാഗിംഗ് പരാതിയിലെ അന്വേഷണത്തിൽ പൊലീസിന് വെല്ലുവിളികളേറെ. ചാറ്റുകൾ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവിൽ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. കുട്ടിയുടെ മരണത്തിൽ ആരോപണവിധേയരായ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ആരാണെന്നും സൂചനയില്ലാത്തതും പൊലീസിനെ കുഴക്കുകയാണ്. ജനുവരി പതിനഞ്ചിനാണ് തൃപ്പൂണിത്തുറയിലെ ഇരുപത്തി മൂന്നു നില ഫ്ളാറ്റിന് മുകളില്‍ നിന്ന് മിഹിര്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരന്‍ ചാടി മരിച്ചത്.

സ്കൂളിലെ ശുചിമുറിയിൽ എത്തിച്ച് മിഹറിനെ ഉപദ്രവിച്ചെന്ന കുടുംബത്തിന്റെ പരാതിയിലും പൊലീസിന് ആശയക്കുഴപ്പങ്ങളുണ്ട്. ആൺകുട്ടിയും പെൺകുട്ടിയും ഒരേ ശുചിമുറിയിൽ പോകുമോ എന്നാണ് ഉയരുന്ന സംശയം. അതേസമയം, ഈ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സ്കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉയര്‍ത്തിയാണ് കുട്ടിയുടെ കുടുംബം രം​ഗത്തെത്തിയത്. മരിച്ച മിഹിര്‍ മുഹമ്മദ് കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ വിവേചനത്തിനും ഇരയായെന്നാണ് കുട്ടിയുടെ അമ്മാവന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ റാഗിങ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്‍റെ വിശദീകരണം.

നിറത്തിന്‍റെ പേരില്‍ നീഗ്രോ എന്ന വിളിയും സ്കൂളിലെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനവും നേരിട്ടു- അങ്ങനെ നിരന്തരമായി മാനസിക- ശാരീരിക പീഡനം ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ മിഹിര്‍ മുഹമ്മദ് നേരിട്ടിരുന്നെന്ന ഗൗരവമുളള ആരോപണമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്. കുട്ടി നേരത്തെ പഠിച്ച ജെംസ് സ്കൂളില്‍ നിന്നും മാനസിക പീഡനം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നേറ്റ മാനസിക പീഡനത്തെ തുടര്‍ന്നാണ് സ്കൂള്‍ മാറി കുട്ടിയെ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ എത്തിച്ചത്. എന്നാല്‍ അവിടെയും നേരിടേണ്ടി വന്ന പീഡനമാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം കരുതുന്നു.

മരണ ശേഷം കുട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം സ്കൂള്‍ അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടില്‍ കുട്ടി ഏതെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button