Uncategorized

മനുവിന്‍റെ ശരീരമാസകലം മുറിവുകൾ; സംശയാസ്പദമെന്ന് സുഹൃത്തുക്കൾ, കൊലപാതകത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

പത്തനംതിട്ട: കലഞ്ഞൂരിലെ യുവാവിന്‍റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപണം. കൊല്ലപ്പെട്ട മനുവിന്‍റെ ശരീരമാസകലമുള്ള മുറിവുകൾ സംശയാസ്പദമാണെന്നും അറസ്റ്റിലായ ശിവപ്രസാദിന് പിന്നിലുള്ളവരെ പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഹിറ്റാച്ചി ‍ഡ്രൈവറായ മനുവിനെ കലഞ്ഞൂർ ഒന്നാംകുറ്റി സ്വദേശിയായ ശിവപ്രസാദിന്‍റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

മദ്യലഹരിയിൽ ശിവപ്രസാദ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ, മനുവിന്‍റെ ശരീരത്തിലെ മുറിവുകൾ കൂട്ടമർദ്ദനം ഉൾപ്പെടെ സംശയിക്കാവുന്ന തരത്തിലുള്ളതാണെന്ന് സുഹൃത്തുക്കൾ പറയുന്നു. മനുവിന്‍റെ കാലു മുതൽ തല വരെ മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടെന്നും ഇഞ്ചിഞ്ചായി അവനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും മനുവിന്‍റെ സുഹൃത്ത് സുബിൻ ആരോപിച്ചു. ഗുണ്ടാപശ്ചാത്തലമുള്ള പ്രതി ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം.

ഇയാളുടെ വീട്ടിൽ പല ഉന്നതരും സ്ഥിരസന്ദർശകരാണ്. അതിനാൽ, കേസിലെ ദുരുഹത നീക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം. ശിവപ്രസാദിന്‍റെ പറമ്പിൽ ഹിറ്റാച്ചുമായി ജോലിക്കെത്തിയായിരുന്നു മനു. രാത്രി വൈകി ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ തർക്കമായതോടെ മനു, ശിവപ്രസാദിനെ ആഴത്തിൽ കടിച്ചു. അത് പ്രതിരോധിക്കാൻ ശിവപ്രസാദ് മനുവിനെ ചവിട്ടിവീഴ്ത്തുകയും തലയടിച്ച് മരണം സംഭവിച്ചുവെന്നുമാണ് നിലവിൽ പൊലീസ് പറയുന്നത്. അതേസമയം, പുതിയ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൂടൽ പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button