മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു, അധ്യാപികയെ മുന്‍ കാമുകന്‍ തീകൊളുത്തി കൊന്നു, പ്രതി വിവാഹിതനെന്ന് പൊലീസ്

ലക്ക്നൗ: ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ അധ്യാപികയെ മുന്‍ കാമുകന്‍ തീകൊളുത്തി കൊന്നു. പ്രതാപ് ഗഡിലാണ് ദാരുണമായ സംഭവം. വ്യാഴാഴ്ച രാവിലെ അധ്യാപിക സ്കൂളിലേക്കു പോകുന്നതിനിടെയായിരുന്നു കൊലപാതകം. മുന്‍ കാമുകനും സഹപ്രവര്‍ത്തകനുമായിരുന്ന വികാസ് യാദവ് എന്നയാള്‍ അധ്യപികയെ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റ യുവതി ജീവന്‍ രക്ഷാര്‍ത്ഥം അടുത്തുള്ള ഗോതമ്പ് പാടത്തേക്ക് ഒടിക്കയറിയെങ്കലും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.
യുവതിയുടെ വിവാഹം മാര്‍ച്ചില്‍ നടക്കുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് വികാസ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇരുവരും ഒരേ സ്കൂളില്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ആ സമയത്ത് പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വികാസ് വിവാഹിതനായതോടെ അധ്യാപിക ബന്ധത്തില്‍ നിന്നും പിന്മാറി. എന്നാല്‍ യുവതി മറ്റൊരു വിവാഹം കഴിക്കരുതെന്ന നിര്‍ബന്ധം വികാസിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു വികാസിന്‍റെ വിവാഹം. വിവാഹ ശേഷവും അധ്യാപികയുമായി പ്രണയ ബന്ധം നിലനിര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവുകള്‍ സ്വീകരിച്ചു. ഒരു തീപ്പെട്ടിയും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് ഇവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് യാതൊരറിവുമുണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട അധ്യാപികയുടെ കുടുംബം വ്യക്തമാക്കി.