Uncategorized

മഹാകുംഭമേള നഗരിയിൽ വിഐപി പ്രോട്ടോക്കോളിന് നിരോധനം, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ദില്ലി: പ്രയാഗ് രാജിലെ മഹാകുംഭമേള നഗരിയിൽ വിഐപി പ്രോട്ടോക്കോളിന് നിരോധനം. മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് യുപി സർക്കാരിന്‍റെ നടപടി. ത്രിവേണി സംഗമത്തിൽ പ്രധാന സ്നാനങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് നിരോധനം. എല്ലാവരും ഒരു ഘാട്ടിൽ സ്നാനം നടത്തുന്നത് ഒഴിവാക്കണമെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ത്രിവേണി സംഗമത്തിലെ സംഗംഘാട്ടിൽ വിഐപികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നതടക്കം നിർത്തിവെച്ചിട്ടുണ്ട്. വിഐപികൾക്കു കാറിൽ ത്രിവേണി സംഗമത്തിലെ സംഗം ഘാട്ടിൽ വരുന്നതും നിരോധിച്ചു. കുംഭമേളയിലെ അപകടം വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഐപി പ്രോട്ടോക്കോൾ യോഗി സർക്കാർ നിരോധിച്ചത്.

സംഭവത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച ജുഡീഷ്യൽ കമ്മീഷൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. കമ്മീഷൻ അംഗങ്ങൾ വ്യാഴാഴ്ച ലഖ്‌നൗവിലെ ജൻപഥിലുള്ള ഓഫീസിലെത്തി അന്വേഷണത്തിന്‍റെ ചുമതല ഏറ്റെടുത്തു. റിട്ട. ജസ്റ്റിസ് ഹർഷ് കുമാർ ചെയർമാനായ സമിതിയിൽ റിട്ട. ഐഎഎസ് ഡി.കെ. സിംഗ്, റിട്ട. ഐപിഎസ് വി.കെ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമുണ്ടെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) ഹർഷ് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button