വര്‍ഷങ്ങള്‍ നീണ്ട പ്രണയം, വിവാഹ തലേന്ന് ജിജോയുടെ മരണം; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍, നാടിനും തീരാ നൊമ്പരം

കോട്ടയം: കോട്ടയം കടപ്ലാമറ്റത്ത് വിവാഹ തലേന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്. വയല സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് എംസി റോഡിൽ കാളികാവ് പളളിയുടെ സമീപത്ത് വച്ച് അപകടം ഉണ്ടായത്.
വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇരുപത്തിരണ്ടുകാരൻ ജിജോയുടെ പ്രാണൻ വെടിഞ്ഞത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയിൽ വെച്ചായിരുന്നു ജിജോയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങൾ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജിജോ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലത്തല സ്വദേശി ജിൻസന്റെയും നിഷയുടേയും മകനാണ് ജിൻസൺ.