Uncategorized

യമുനയിലെ ജലത്തിൽ വിഷാംശമെന്ന പരാമർശം: കെജ്‍രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ദില്ലിയിലെ കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്‍രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്യമായ തെളിവ് ഹാജരാക്കാന്‍ കെജ്‍രിവാളിന് നാളെ വരെ സമയം കമ്മീഷന്‍ വീണ്ടും നല്‍കി. തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് വാര്‍ത്താസമ്മേളനം നടത്തി കെജ്‍രിവാൾ ആരോപിച്ചു.

ദില്ലിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണം ബിജെപിക്കെതിരെ കെജ്‍രിവാൾ ഉന്നയിച്ചത് പ്രചാരണത്തിന്‍റെ അവസാന ലാപ്പിലാണ്. ദില്ലിയിലെ കുടിവെള്ളത്തില്‍ അമോണിയയുടെ അംശം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ആക്ഷേപം. ബിജെപിയുടെ പരാതിയില്‍ കെജ്‍രിവാളിനോട് വിശദീകരണം തേടിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് വസ്തുതകളുടെ ബലത്തിലാണ് താന്‍ സംസാരിച്ചതെന്ന ഒഴുക്കന്‍ മറുപടിയാണ് കെജ്‍രിവാൾ നല്‍കിയത്.

കടുത്ത അതൃപ്തി അറിയിച്ച കമ്മീഷന്‍ കെജ്‍രിവാളിന്റെ മറുപടിയില്‍ വസ്തുതാപരമായി ഒന്നുമില്ലെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് മറുപടിക്കായി അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. കുടിവെള്ളത്തില്‍ർ ഹരിയാന സര്‍ക്കാര്‍ ഏത് വിഷമാണ് ചേര്‍ത്തത്? എത്ര അളവില്‍ ചേര്‍ത്തിട്ടുണ്ട്? വിഷം എവിടെ നിന്നാണ് കണ്ടെത്തിയത്? ദില്ലി ജലബോര്‍ഡിലെ ഏത് എഞ്ചിനീയര്‍ എവിടെ വച്ച് എപ്പോള്‍ ഈ വിഷം കണ്ടെത്തി? ദില്ലിയിലെ കുടിവെള്ളത്തിലേക്ക് വിഷം കലരുന്നത് തടയാന്‍ ജലബോര്‍ഡ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുുണ്ടോ? മറുപടി നാളെ രാവിലെ 11 മണിയോടെ കിട്ടണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പദവിയിലിരുന്ന ഒരാള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളുടെ പ്രത്യാഘാതം മനസിലാക്കണമെന്നും ജനങ്ങളെ തമ്മിലടിപ്പിക്കാനാണോ ശ്രമമെന്നും താക്കീതിന്‍റെ ശബ്ദത്തില്‍ കമ്മീഷന്‍ ചോദിച്ചു. കുപ്പികളില്‍ നിറച്ച കുടിവെള്ളവുമായി വാര്‍ത്താ സമ്മേളനം വിളിച്ച കെജ്‍രിവാൾ നിലപാടാവര്‍ത്തിച്ചു. രാഷ്ട്രീയ ചായ്വ് വ്യക്തമാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാകും നല്ലതെന്നും പരിഹസിച്ചു.

കെജ്‍രിവാൾ വരുന്ന 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹരിയാന കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ദില്ലിയിലും പരാതി നല്‍കാനാണ് ബിജെപിയുടെ നീക്കം. പ്രസ്താവന ബിജെപി കെജ്‍രിവാളിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമാക്കുകയുമാണ്. ചുരുക്കത്തില്‍ വിഷം കലര്‍ത്തല്‍ പരാമര്‍ശം കെജ്‍രിവാളിന് ബൂമറാങ്ങായ മട്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button