Uncategorized

ഉള്ളുലയും കാഴ്ചകൾ, നദിയിൽനിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു, അമേരിക്കയിലെ വിമാനാപകടത്തിൽ തിരച്ചിൽ തുടരുന്നു

വാഷിങ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്ന് നദിയിൽ വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൽ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താൻ ആയില്ല. തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കാൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
റൺവേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ തന്നെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്ററാണ് ഇടിച്ചുകയറിയത്. പിന്നാലെ വിമാനവും ഹെലികോപ്റ്ററും കത്തിയെരിഞ്ഞു. വെർജീനിയയിൽ നിന്ന് പറന്നുയർന്ന് പരിശീലന പറക്കൽ നടത്തുക ആയിരുന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് മൂന്ന് സൈനികരാണെന്നാണ് വിവരങ്ങൾ.

തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് വിമാനവും ഹെലികോപ്റ്ററും പതിച്ചത്. നിമിഷങ്ങൾക്കകം തുടങ്ങിയ തെരച്ചിൽ ഇപ്പോഴും തുടരുന്നു. മുന്നൂറിലേറെ പേർ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയിൽ തിരയുന്നത്. ഇരുട്ടും കൊടും തണുപ്പും ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തനത്തിന് തടസമായി. നടുക്കുന്ന അപകടമാണുണ്ടായതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വിമാന ദുരന്തങ്ങളിൽ അത്യപൂർവമാണ് ആകാശത്തെ കൂട്ടിയിടികൾ. അതുകൊണ്ടുതന്നെ വിശദ അന്വേഷണത്തിൽ മാത്രമേ അപകട കാരണം വ്യക്തമാകൂ. ഹെലികോപ്റ്ററിൽനിന്നും വിമാനത്തിൽനിന്നും അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോളുമായി നടത്തിയ സംഭാഷങ്ങളുടെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button