6ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ അധ്യാപകനെതിരെ 9ാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ, വീണ്ടും കേസ്
![](https://opennewsx24.com/wp-content/uploads/2025/01/48c10d80-44b5-4fcc-b77f-5b295339a4a3.jpeg)
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്കെതിരെ അതേ സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമ പ്രകാരം വീണ്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
മണക്കാട് ഒരു സ്‌കൂളിലെ വിദ്യാർഥിനിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആദ്യം അധ്യാപകനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തത്. സംഭവം കുട്ടി കൂട്ടുകാരോടും അവർ ആയയോടും പറയുകയായിരുന്നു. തുടർന്ന് ഇവർ സ്‌കൂൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. എന്നാൽ പൊലീസിൽ പരാതി നൽകാതെ സംഭവം പ്രിൻസിപ്പൽ രഹസ്യമാക്കി വച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു. പിന്നാലെ കുറ്റകൃത്യം നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
ഈ വാർത്ത പുറത്തായതോടെയാണ് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വീട്ടുകാരോട് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെ അധ്യാപകൻ ലൈംഗിക അതിക്രമം നടത്തിയെന്നും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി വീട്ടുകാരോട് പറഞ്ഞു. പിന്നാലെ വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകി. അധ്യാപകൻ നിലവിൽ റിമാൻഡിലായതിനാൽ പുതിയ കേസിലും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.