ഇലക്ട്രിക് ട്രെയിനുകളുടെ 100 വർഷങ്ങൾ; ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

മുംബൈ: ഹരിത റെയിൽ സംവിധാനത്തിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് ട്രെയിനുകൾ ഓടി തുടങ്ങിയിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നു. വിവിധ പരിപാടികളോടെ നൂറാം വാർഷികം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. നൂറ് വർഷങ്ങൾ പൂർത്തിയാകുന്ന ഫെബ്രുവരി 3ന് പരിപാടികൾക്ക് തുടക്കമാകുമെന്ന് സെൻട്രൽ പബ്ലിക് റിലേഷൻസ് ഓഫിസർ സ്വപ്നിൽ നിള അറിയിച്ചു. 1925 ഫെബ്രുവരി 3ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽസിന്റെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നും കുർളയിലേക്ക് ആണ് ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്. 1853ൽ ഏപ്രിൽ 16നാണ് ഇന്ത്യൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇത് കഴിഞ്ഞ് 72 വർഷങ്ങൾക്ക് ശേഷമാണ് ഇലക്ട്രിക് ട്രെയിനിന്റെ ആരംഭം കുറിക്കുന്നത്. ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങിയതിന് ശേഷം വലിയതോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്.
‘ചുരുങ്ങിയ സമയംകൊണ്ട് തന്നെ ട്രെയിനുകളുടെ ഇലക്ട്രിഫിക്കേഷൻ നൂറ് ശതമാനവും പൂർത്തീകരിക്കാൻ സെൻട്രൽ റെയിൽവേക്ക് സാധിച്ചു. പദ്ധതി പൂർത്തീകരണത്തിന്റെ 100 വർഷങ്ങൾ ആഘോഷിക്കാൻ സെൻട്രൽ റെയിൽവേയും ഇന്ത്യൻ റെയിൽവേയും ഒരുങ്ങുകയാണ്’- നിള പറഞ്ഞു. ശതവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 3 മുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഔപചാരികമായ ഉത്‌ഘാടനത്തിന് ശേഷം ആ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ വെച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടത്തും. തുടർന്ന് 3D ഷോകൾ ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി റെയിൽവെയുടെ ചരിത്രം, പാരമ്പര്യം തുടങ്ങിയ സെക്ഷനുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്വപ്നിൽ നിള അറിയിച്ചു.