Uncategorized

ടിക്കറ്റ് നിരക്കിൽ 22 ശതമാനം വരെ ലാഭിക്കാം, വിമാന യാത്രയ്ക്കും ‘നല്ല’ ദിവസം; ഇക്കാര്യങ്ങൾ ഓർത്തുവെച്ചോളൂ

അബുദാബി: വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കാന്‍ വേണ്ടി പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. സീസൺ സമയത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നത് പതിവാണ്. ഈ സമയത്തെ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാകാനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വെക്കുന്നവരാണ് കൂടുതല്‍ ആളുകളും. ഓഫ് സീസൺ സമയങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും എയര്‍ലൈനുകള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു നല്ല ദിവസമുണ്ടോ? ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ദിവസം ടിക്കറ്റ് ബുക്ക് ചെയ്താൽ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നും പറയപ്പെടുന്നു.

ട്രാവൽ ബ്രാന്‍ഡായ ‘എക്സ്പെഡിയ’ പ്രസിദ്ധീകരിച്ച 2025ലെ എയര്‍ ഹാക്സ് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ച വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ശരാശരി 16 ശതമാനം വരെ ലാഭിക്കാം. അതേസമയം വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞായറാഴ്ച വിമാനയാത്ര ചെയ്യുന്നവര്‍ക്ക് 16 ശതമാനം നഷ്ടം വരാനും സാധ്യതയുണ്ടെന്ന് എക്സ്പെഡിയയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എയര്‍ലൈന്‍സ് റിപ്പോര്‍ട്ടിങ് കോര്‍പ്പറേഷനും ഡാറ്റ പ്രൊവൈഡര്‍ ഒഎജിയുമായി സഹകരിച്ച്, ലോകത്തിലെ എയര്‍ ടിക്കറ്റിങ് ഡാറ്റാബേസ് വിശകലനം ചെയ്തതിലൂടെ ലഭ്യമായ ചില എയര്‍ ട്രാവല്‍ പൊടിക്കൈകൾ നോക്കാം.

എന്നാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്

വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര വിമാന യാത്രകളില്‍ ശരാശരി 16 ശതമാനം വരെ ലാഭിക്കാനാകും. വാരാന്ത്യത്തില്‍ പ്രീമിയം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വ്യാഴാഴ്ചയെ അപേക്ഷിച്ച് ശരാശരി 22 ശതമാനം വരെ ലാഭിക്കാനാകും. ടിക്കറ്റ് ബുക്ക് ചെയ്ത് കീശ കാലിയാകാതിരിക്കാനായി യാത്ര പുറപ്പെടുന്നതിന് 6 മുതല്‍ 12 ദിവസം മുമ്പെങ്കിലും അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഈ കാലയളവ് പാലിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക്, 128 മുതല്‍ 138 ദിവസം വരെ മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരേക്കാള്‍ ശരാശരി 21 ശതമാനം ലാഭം കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്ന് യാത്ര ചെയ്യാം

തിങ്കളാഴ്ച യാത്ര പുറപ്പെടുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, യാത്രയ്ക്കായി വ്യാഴാഴ്ച തെരഞ്ഞെടുക്കുന്നവര്‍ക്ക് ശരാശരി 9 ശതമാനം ലാഭിക്കാനാകും. അന്താരാഷ്ട്ര യാത്ര നടത്താൻ ഏറ്റവും ചെലവേറിയ ദിവസവമായി കണക്കാക്കുന്നത് തിങ്കളാഴ്ചയാണ്. രാത്രി 9 മണിക്കും വെളുപ്പിനെ മൂന്ന് മണിക്കം ഇടയില്‍ പുറപ്പെടൽ സമയം ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യത മറ്റ് സമയങ്ങളേക്കാള്‍ 8 ശതമാനം കുറവാണ്. അതുപോലെ ഉച്ചയ്ക്ക് മൂന്ന് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യത മറ്റ് സമയങ്ങളേക്കാള്‍ 20 ശതമാനം കൂടുതലാണ്. രാത്രികാലങ്ങളില്‍ പുറപ്പെടുന്ന വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണിത്.

വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ റദ്ദാക്കാനുള്ള സാധ്യത ഏപ്രില്‍ മാസത്തിലാണ്, കുറവ് സാധ്യത ജൂണിലും. എക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് നിരക്ക് കുറവ് ലഭിക്കുക ജനുവരിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 13 ശതമാനം ലാഭിക്കാനാകും. എക്കണോമി ടിക്കറ്റുകൾ ചെലവേറിയതാകുന്നത് ജൂൺ മാസത്തിലാണ്. പ്രീമിയം ക്ലാസ് ടിക്കറ്റുകൾക്ക് നിരക്ക് കുറവ് ലഭിക്കുക ജൂലൈയിലും നിരക്ക് ഉയരുക ഒക്ടോബറിലുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button