Uncategorized

മഹാകുംഭമേളയിലെ അപകടം: മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

ദില്ലി: പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ ഉണ്ടായ സംഭവത്തിൽ അതീവ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും’-മോദി പറഞ്ഞു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്കുകൾ. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

70 പേരെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകനായ പിഎം നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് യുപി സർക്കാരിന് മോദി നിർദ്ദേശം നൽകി. ഊഹാപോഹങ്ങളിൽ വീഴരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ യോഗി തീർത്ഥാടകരോട് അഭ്യർത്ഥനയും നടത്തി. സംഗംഘട്ടിലേക്ക് സ്നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും യോ​ഗി അഭ്യർത്ഥിച്ചു. ഉന്നതതല യോഗം വിളിച്ച യോ​​ഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചർച്ച നടത്തി. തുടർനടപടികൾ സ്വീകരിക്കുമെന്ന് സന്യാസി സമൂഹം അറിയിച്ചു.

അതേസമയം, കുംഭമേള അപകടത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു . സജ്ജീകരണങ്ങളിലെ പാളിച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകണം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകണം. കൂട്ടം തെറ്റിയവരെ കണ്ടെത്താൻ സത്വര ഇടപെടൽ വേണമെന്നും ദുരന്തത്തെ നിസാരവത്ക്കരിക്കരുതെന്നും അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ദുരന്തത്തിൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തി മായാവതിയും രം​ഗത്തെത്തി. സുരക്ഷ ഒരുക്കുന്നതിൽ യോഗി സർക്കാർ പരാജയപ്പെട്ടെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. സെൽഫ് പ്രമോഷന് കോടികൾ ചെലവഴിക്കുന്നവർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മറന്നുവെന്ന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. പാതിവെന്തത് പോലെയായിരുന്നു ക്രമീകരണങ്ങൾ. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ഖർഗെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button