‘യൂണിയൻ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ അഞ്ചര ലക്ഷം മോഷ്ടിച്ചു, കലോത്സവങ്ങളിൽ രക്തക്കറ പുരട്ടാൻ ശ്രമം’; പികെ നവാസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ യൂണിയൻ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ അഞ്ചര ലക്ഷം രൂപ മോഷ്ടിച്ചെന്ന ആരോപണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ എകെജി സെൻ്ററിലെ തൂപ്പുകാരൻ്റെ നിലവാരം കാണിക്കുന്നു. ഒരു പരാതിയിലും നടപടി എടുക്കുന്നില്ലെന്നും പി കെ നവാസ് പറഞ്ഞു. എസ്എഫ്ഐയുടെ കയ്യിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യുഡിഎസ്എഫ് പിടിച്ചെടുത്തതിലെ ശത്രുതയാണ് ഡി സോൺ സംഘർഷത്തിന് പിന്നിലെന്നും പി കെ നവാസ് പറഞ്ഞു. ആക്രമങ്ങൾ കലോത്സവ നഗരിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. കെഎസ്‌യു അധ്യക്ഷനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് വലിയ സംഭവമായി എസ്എഫ്ഐ ആഘോഷിക്കുന്നു. ഒറ്റ തിരിഞ്ഞ് കെഎസ്‌യുവിനെ ആക്രമിക്കാൻ സമ്മതിക്കില്ലെന്നും പി കെ നവാസ് പറഞ്ഞു.
സർവകലാശാല യുഡിഎസ്എഫ് പിടിച്ചെടുത്തതിൻ്റെ ശത്രുതയാണ് എസ്എഫ്ഐക്ക്. ഇതാണ് ആക്രമങ്ങൾക്ക് കാരണം. സോണൽ കലോത്സവങ്ങളിൽ എസ്എഫ്ഐ രക്തക്കറ പുരട്ടാൻ ശ്രമിക്കുന്നുവെന്നും പി കെ നവാസ് ആരോപിച്ചു. ഡി സോൺ കലോത്സവം നല്ല രീതിയിൽ നടക്കുന്നതിൽ അവർക്ക് നല്ല അസൂയയുണ്ട്. കലോത്സവം തകർക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാവ് പറയുന്ന ഓഡിയോ തന്നെ ഉണ്ട്. തിരിച്ചടിക്കുമെന്ന് എസ്എഫ്ഐ സെക്രട്ടറി എഫ്ബി പോസ്റ്റ് ഇട്ടതിന് പിന്നാലെ വ്യാപക അക്രമം നടന്നുവെന്നും പി കെ നവാസ് പറഞ്ഞു.